കണ്ണൂർ : എയർഹോസ്‌റ്റസ് സ്വർണം കടത്തിയ കേസിൽ നിർണായക വിവരങ്ങൾ ശേഖരിച്ച് ഡിആർഐ. സ്വർണക്കടത്തിന് പിന്നിലെ മലയാളിയെ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. എയർ ഇന്ത്യ എക്‌സ്‌പ്രസ് ക്യാബിൻ ക്രൂ സുരഭി ഖാത്തൂണ്‍ മുമ്പും സ്വർണം കടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
സുരഭി കഴിഞ്ഞ മാർച്ചിൽ നടത്തിയ സ്വർണക്കടത്ത് വിവരങ്ങളും ഡിആർഐ ശേഖരിച്ചു. മാത്രമല്ല സുരഭിയെ വിശദമായി ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്‌റ്റിലായ സുരഭിയെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌ത് കണ്ണൂർ വനിത ജയിലിലേക്ക് മാറ്റി.
ഇന്നലെയാണ് (മെയ് 30) മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 960 ഗ്രാം സ്വർണവുമായി എയർ ഹോസ്‌റ്റസ് ആയ സുരഭി ഖാത്തൂണ്‍ റവന്യു ഇന്‍റലിജൻസിന്‍റെ പിടിയിലായത്. കൊല്‍ക്കത്ത സ്വദേശിയായ ഇവര്‍ മിശ്രിത രൂപത്തിലാണ് സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. 4 കാപ്സ്യൂളുകളാണ് ശരീരത്തില്‍ ഒളിപ്പിച്ചതെന്ന് ഡിആർഐ അറിയിച്ചു. ഇന്ത്യയിൽ ഇതാദ്യമായാണ് ശരീരത്തിന്‍റെ പിൻഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്തിയതിന് ഒരു എയർലൈൻ ജീവനക്കാരി അറസ്‌റ്റിലാകുന്നത്.