തിരുവനന്തപുരം: വഞ്ചിയൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ വെടിവച്ചത് വനിത ഡോക്‌ടറാണെന്ന് പൊലീസ്. കൊല്ലം സ്വദേശിയായ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍ ദീപ്‌തിയാണ് പിടിയിലായത്. ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്‌ത് വരികയാണ്.
കൊറിയര്‍ നല്‍കാനെന്ന വ്യാജേനെ വീട്ടിലെത്തിയാണ് ദീപ്‌തി എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. രണ്ട് തവണയാണ് വെടിവച്ചതെന്നും വീടിന് പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം വലതുകയ്യില്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് ഷിനി പൊലീസിന് മൊഴി നല്‍കിയിരുന്നു. ശരീരം മുഴുവന്‍ മറച്ചെത്തിയ ദീപ്‌തി അതിവേഗത്തില്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ഞായറാഴ്‌ച (ജൂലൈ 28) രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. കോളിങ് ബെല്ല് കേട്ട് ഷിനിയുടെ ഭര്‍ത്താവിന്‍റെ അച്‌ഛനാണ് വാതില്‍ തുറന്നത്. രജിസ്റ്റേര്‍ഡ് കൊറിയര്‍ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു ദീപ്‌തി ആവശ്യപ്പെട്ടത്.
ഒപ്പിടുന്നതിന് പേനയെടുക്കാന്‍ അച്‌ഛന്‍ വീട്ടിനകത്ത് കയറിയതിനിടെ ഷിനി പുറത്തേക്ക് വന്നു. ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ദീപ്‌തി വെടിയുതിര്‍ത്തു. ആദ്യത്തെ വെടി ഷിനിയുടെ കൈയ്യിലും ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത്.
ഒരു സില്‍വര്‍ നിറത്തിലുള്ള സെലേറിയോ കാറിലാണ് ദീപ്‌തി എത്തിയത്. വ്യാജ നമ്പറായിരുന്നു കാറിന്‍റേത്. പറണ്ടോട് സ്വദേശിയുടെ സ്വിഫിറ്റ് കാറിന്‍റെ നമ്പറായിരുന്നു ഇത്. ഈ സ്വഫിറ്റ് കാര്‍ മാസങ്ങള്‍ക്ക് മുമ്പേ കോഴിക്കോടുള്ള ഒരാള്‍ക്ക് വിറ്റിരുന്നുവെന്നും പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. ഷിനിയുടെ കൈക്കേറ്റ പരിക്ക് സാരമുള്ളതായിരുന്നില്ല. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പിആര്‍ഒ ആണ് ഷിനി. ആരാണ് വന്നതെന്നോ ആക്രമണത്തിന്‍റെ കാരണം എന്തെന്നോ അറിയില്ലെന്നായിരുന്നു ഷിനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആക്രമിച്ചത് സ്ത്രീയാണെന്നും ഒത്ത വണ്ണവും ഉയരവുമുള്ള ഒരാളായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആക്രമണത്തിന് പിന്നില്‍ ദീപ്‌തിയാണെന്ന് വ്യക്തമായത്. പിന്നാലെ കൊല്ലത്ത് എത്തിയ പൊലീസ് ഇന്ന് വൈകിട്ടോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.