കോഴിക്കോട്: വയനാട് ദുരന്തത്തിനിരയായവരുടെ ശരീര ഭാഗങ്ങള്‍ തിരിച്ചറിയുന്നതിന് നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ സർക്കാർ. ഉരുള്‍ തകര്‍ത്ത മുണ്ടക്കൈ-ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നും കണ്ടെത്തിയ 52 ശരീര ഭാഗങ്ങള്‍ തിരിച്ചറിയാന്‍ ഡിഎൻഎ സീക്വൻസിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാണ് ശ്രമം. സംസ്ഥാനത്ത് ആദ്യമായാണ് ഈ നൂതന രീതി ഉപയോഗപ്പെടുത്താൻ ആലോചിക്കുന്നത്.
അതേസമയം കണ്ണൂരിലെ റീജിയണൽ ഫോറൻസിക് ലാബിലാണ് ഡിഎൻഎ ടെസ്റ്റ് വഴി തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുന്നത്. ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ആറംഗ സംഘം അശ്രാന്ത പരിശ്രമത്തിലാണ്. എന്നാൽ വ്യക്തമായ ഡിഎൻഎ ഫലം, പ്രത്യേകിച്ച് ജീർണിച്ച സാമ്പിളുകളിൽ നിന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.
എന്താണ് ഡിഎൻഎ സീക്വൻസിങ്?
ഡിഎൻഎ തന്മാത്രയ്ക്കുള്ളിലെ ന്യൂക്ലിയോടൈഡുകളുടെ കൃത്യമായ ക്രമം നിർണയിക്കുന്ന പ്രക്രിയയാണ് ഡിഎൻഎ സീക്വൻസിങ്. ഡിഎൻഎയുടെ ഒരു ധാരയിൽ അഡിനൈൻ, ഗ്വാനിൻ, സൈറ്റോസിൻ, തൈമിൻ എന്നീ നാല് ബേസുകളുടെ ക്രമം നിർണയിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഡിഎൻഎയുടെ ഒരു സാമ്പിൾ നൽകിയാൽ, നാല് ബേസുകളുടെ ക്രമം നിർണയിക്കാൻ ഡിഎൻഎ സീക്വൻസർ ആണ് ഉപയോഗിക്കുന്നത്.
ഇത് പിന്നീട് ഒരു ടെക്‌സ്‌റ്റ് സ്ട്രിങ്ങായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിനെ റീഡ് എന്നാണ് അറിയപ്പെടുന്നത്. ന്യൂക്ലിയോടൈഡുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്ലൂറോക്രോമുകളിൽ നിന്ന് ഉത്ഭവിക്കുന്ന പ്രകാശ സിഗ്നലുകൾ വിശകലനം ചെയ്യുന്നതിനാൽ ചില ഡിഎൻഎ സീക്വൻസറുകളെ ഒപ്റ്റിക്കൽ ഉപകരണങ്ങളായും ഉപയോഗിക്കുന്നു.