കണ്ണൂര്‍: സമീപകാലത്ത് കണ്ണൂര്‍ കണ്ട ഏറ്റവും വലിയ സമരദിനമായിരുന്നു ഇന്ന് കടന്ന് പോയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ മനംനൊന്താണ് എഡിഎം നവീൻ ബാബു ജീവനൊടുക്കിയതെന്ന ആരോപണങ്ങളില്‍ ദിവ്യയുടെ രാജി ആവശ്യപെട്ടായിരുന്നു പ്രതിഷേധങ്ങൾ. രാവിലെയോടെ തന്നെ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ ഉടലെടുത്തിരുന്നു.
യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ ആയിരുന്നു ജില്ലാ പഞ്ചായത്തിലേക്കുള്ള ആദ്യ മാർച്ച്. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും എത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി പി ദിവ്യയുടെ കോലം ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കെട്ടിത്തൂക്കി. പിന്നാലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനവും എത്തി.
സാമന്തരമായി പ്രതിപക്ഷ സർക്കാർ ജീവനക്കാരും, കലക്‌ടറേറ്റ് ജീവനക്കാരും പ്രകടനമായെത്തി. പ്രതിപക്ഷത്തെ വനിതാ ജില്ലാ പഞ്ചായത്ത് മെമ്പർമാർ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്നാവശ്യപെട്ട് ഡിസിസി കലക്‌ടറേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം തുടങ്ങി. പ്രതിഷേധങ്ങളുടെ ഭാഗമായി കണ്ണൂർ കോർപ്പറേഷനിൽ നാളെ (ഒക്‌ടോബര്‍ 16) ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
'ദിവ്യ ഒരു രാക്ഷസിയായി മാറി': കണ്ണൂരില്‍ കണ്ടത് നാവുകൊണ്ട് അറുത്ത് മുറിച്ചു കൊലപ്പെടുത്തിയ കാഴ്‌ചയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം കൊണ്ടുവന്നത് അഹങ്കാരത്തിന് അഴിമതിക്കും ഡോക്‌ടറേറ്റ് എടുക്കാൻ അല്ല. ചിന്തിച്ചുറപ്പിച്ചാണ് ദിവ്യ അവിടേക്ക് എത്തിയത്.
ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ ഭാഗമായ ഒരു രാക്ഷസിയായി ദിവ്യ മാറി. ദിവ്യക്കെതിരെ അടിയന്തരമായി കേസെടുക്കണം. കണ്ണൂരിൽ ഇത് രണ്ടാമത്തെ ഉദ്യോഗസ്ഥ കൊലപാതകമാണെന്നും ശോഭ സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു.