എറണാകുളം: ഹൈക്കോടതിയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പ്രധാനമന്ത്രിയെയും രാജ്യത്തേയും ഹ്രസ്വ നാടകത്തിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടപടി. സംഭവത്തിലുൾപ്പെട്ട അസിസ്‌റ്റന്‍റ് രജിസ്ട്രാർ ടി എ സുധീഷ്, കോർട്ട് കീപ്പർ പി എം സുധീഷ് എന്നിവരെ സസ്പെൻഡ് ചെയ്‌തു.
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഹൈക്കോടതി, അഡ്വ. ജനറൽ ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരും അഭിഭാഷകരും അവതരിപ്പിച്ച ഹ്രസ്വ നാടകത്തിലെ ചില ഭാഗങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര പദ്ധതികളെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ. ടി എ സുധീഷായിരുന്നു നാടകത്തിൻ്റെ സംഭാഷണം എഴുതിയത്.
അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ലീഗൽ സെല്ലും, ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നൽകിയിരുന്നു. തുടർന്നാണ് ചീഫ് ജസ്‌റ്റിസിൻ്റെ നിർദേശപ്രകാരം ഹൈക്കോടതി രജിസ്ട്രാർ ജനറൽ രണ്ട് ജീവനക്കാർക്കെതിരെ നടപടിയെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് രജിസ്ട്രാർക്ക് ചീഫ് ജസ്‌റ്റിസ് നിർദ്ദേശം നൽകി. വിവാദ സംഭവമുണ്ടായ സാഹചര്യം സംബന്ധിച്ച് അഡ്‌മിനിസ്ട്രേഷൻ വിഭാഗം രജിസ്ട്രാറും വിശദീകരണം നൽകണം.
Also Read: ഹൈക്കോടതിയ്‌ക്കെതിരെ പരാമർശവുമായി സർക്കാർ അഭിഭാഷകൻ; എങ്ങനെ ധൈര്യം വന്നെന്ന് കോടതി
പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതിയെയും കേന്ദ്ര പദ്ധതികളെയും ആക്ഷേപിച്ചു കൊണ്ടും, സ്വാതന്ത്ര്യത്തിന്‍റെ അമൃത വർഷാഘോഷത്തെ വിമർശിച്ചുകൊണ്ടുമാണ് ഹ്രസ്വ നാടകം അവതരിപ്പിക്കപ്പെട്ടതെന്നാണ് പരാതി ഉയര്‍ന്നത്. ജഡ്‌ജിമാരുടെ സാന്നിധ്യത്തിലായിരുന്നു ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നാടകം അവതരിപ്പിക്കപ്പെട്ടത്. സംഭവത്തിൽ കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയും അന്വേഷണം ആരംഭിച്ചു.