പത്തനംതിട്ട : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്ന ഭയം കൊണ്ടാണ് സിപിഎം ഇപ്പോള്‍ ബോംബുണ്ടാക്കുന്നതെന്ന് അച്ചു ഉമ്മൻ. കുട്ടി സഖാക്കൻമാരെ അഴിച്ചു വിട്ടാല്‍ നാടിൻ്റെ ഭാവി എന്തായിരിക്കും. അക്രമം കാണിക്കാൻ ഇവർക്ക് ആരാണ് ലൈസൻസ് കൊടുത്തതെന്നും അച്ചു ഉമ്മൻ ചോദിച്ചു. തിരുവല്ല മല്ലപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അച്ചു ഉമ്മന്‍.
"51 വെട്ടേറ്റ ടി പി ചന്ദ്രശേഖരൻ്റെ മുഖം ഓർമ്മയില്‍ വരുന്നു. അവിടം കൊണ്ടും നിങ്ങളുടെ കൊലവിളി തീർന്നോ. ശുഹൈബിന്‍റെ കൊലപാതകം ഓർമയില്ലേ. കൃപേഷിന്‍റേയും ശരത് ലാലിന്‍റെയും കൊലപാതകങ്ങള്‍ ഓർമയില്ലേ. ആള്‍ക്കൂട്ട വിചാരണ ചെയ്‌ത് നിങ്ങള്‍ കൊന്ന അരിയില്‍ ഷുക്കൂറിന്‍റെ കഥ നിങ്ങള്‍ക്ക് ഓർമയില്ലേ. കൂടാതെ ഈ അക്രമ രാഷ്ട്രീയത്തിന്‍റെ പരമ്പരയാണ് പൂക്കോട് നടന്ന സിദ്ധാർത്ഥന്‍റെ കൊലപാതകം. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ മരിക്കുന്നത് സങ്കടകരമാണ്. സിദ്ധാർത്ഥൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം അട്ടിമറിയ്ക്കാൻ സർക്കാർ ശ്രമിച്ചു. നിങ്ങള്‍ എന്ത് അക്രമം വേണമെങ്കിലും കാണിച്ചോളൂ ഞങ്ങള്‍ വക്കീലിനെ ഏർപ്പാട് ചെയ്യാം എന്നതാണ് സിപിഎമ്മിൻ്റെ നയം." അച്ചു ഉമ്മൻ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സർക്കാർ അതിജീവിതയ്ക്ക് ഒപ്പമല്ല ക്രിമിനലുകള്‍ക്ക് ഒപ്പമാണെന്നും അച്ചു ഉമ്മൻ ആരോപിച്ചു. പിബി അനിതയ്ക്ക് സർക്കാർ പണിഷ്മെൻ്റ് ട്രാൻസ്‌ഫര്‍ നല്‍കി. സർക്കാർ ഇരയ്‌ക്കൊപ്പമല്ല, ക്രിമിനലുകളുടെ ഒപ്പമാണ്. പിബി അനിത സത്യസന്ധമായി മൊഴി നല്‍കി. മറ്റ് ഏത് സർക്കാരാണെങ്കിലും അനിതയെ അഭിനന്ദിക്കും. ഇടത് സർക്കാരിൻ്റെ അഴിമതി പറഞ്ഞാല്‍ ഇന്ന് മുഴുവൻ പറയേണ്ടി വരുമെന്നും അച്ചു ഉമ്മൻ പറഞ്ഞു.
കേരളത്തെ കടക്കെണിയിൽ ആക്കിയത് സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾ ആണ്. നാല് ലക്ഷം കോടി കടത്തിലായ കേരളം ഇനിയും കടമെടുത്ത് എങ്ങോട്ടാണ് പോകുന്നതെന്നും അച്ചു ഉമ്മൻ ചോദിച്ചു. കേന്ദ്രത്തിലും കേരളത്തിലും ജനവിരുദ്ധ സർക്കാരുകളാണെന്നും സിഎഎ വർഗീയ വിഭാജനത്തോടുള്ള അവരുടെ ടെക്‌നിക് ആണെന്നും നാം അത് തിരിച്ചറിയണമെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.