കോഴിക്കോട്: ചാത്തമംഗലം എൻഐടിയിലെ ജീവനക്കാരിയുടെ സ്‌കൂട്ടർ മോഷ്‌ടിച്ച പ്രതി പിടിയിൽ. പെരിങ്ങൊളം അറപ്പൊയിൽ എ പി മുജീബി (38) നെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഏപ്രിൽ മൂന്നാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്.
എൻഐടി ക്യാമ്പസിന്‍റെ പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഫുട്‌പാത്തിന് സമീപം നിർത്തിയിട്ടതായിരുന്നു സ്‌കൂട്ടർ. ജോലി കഴിഞ്ഞ് സ്‌കൂട്ടർ എടുക്കാൻ വന്നപ്പോഴാണ് വാഹനം കാണാതായ വിവരം ഇവർ അറിയുന്നത്. തുടർന്ന് കുന്ദമംഗലം പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഈ ഭാഗത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. അന്വേഷണത്തിനിടെ രാമനാട്ടുകരക്കു സമീപം പുളിക്കലെ വാടക വീട്ടിൽ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.വീട് പരിശോധിച്ചതിൽ നിന്ന് മോഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
കടകളുടെ പൂട്ടുകൾ തകർത്ത് അകത്തു കയറി മോഷണം നടത്തുക, ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുക. മാല പൊട്ടിച്ച് കടന്നു കളയുക. ബൈക്കുകളും സ്‌കൂട്ടറുകളും മോഷണം നടത്തുക തുടങ്ങി വിവിധ സ്‌റ്റേഷനുകളിൽ ആയി 52 ഓളം കേസുകളിൽ പ്രതിയാണ് പിടിയിലായ മുജീബ്.
നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ നിരവധി സ്‌റ്റേഷനുകളിൽ വാറണ്ടിലുള്ള പ്രതി സ്‌റ്റേഷനിൽ ഹാജരാവാതെ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
കുന്ദമംഗലം പൊലീസ് ഇൻസ്പെക്‌ടർ എസ് ശ്രീകുമാർ, എസ് ഐ കലാം, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അതുൽ, സനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.