തിരുവനന്തപുരം മൃഗശാലയിലെ നാല് ഹനുമാന്‍ കുരങ്ങുകളില്‍ മൂന്നെണ്ണം വീണ്ടും കൂട്ടില്‍ നിന്നു ചാടിയതോടെ വാര്‍ത്തകളില്‍ വീണ്ടും നിറയുകയാണ് ഹനുമാന്‍ കുരങ്ങുകള്‍. മൃഗശാലയിലെ മൂന്ന് പെണ്‍ ഹനുമാന്‍ കുരങ്ങുകളാണ് അധികൃതരെ കബളിപ്പിച്ച് കൂടിന് പുറത്തു കടന്ന് മൃഗശാല വളപ്പിലെ മരത്തിൻ്റെ മുകളില്‍ സ്ഥാനം പിടിച്ചത്.
ഭക്ഷണവുമായി മൃഗശാലയിലെ ജീവനക്കാര്‍ ഇവര്‍ക്കു പിന്നാലെയുണ്ടെങ്കിലും താഴേക്കിറങ്ങാന്‍ തയ്യാറാകാതെ ഇവര്‍ ഒളിച്ചു കളി തുടരുകയാണ്. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നെത്തിച്ച ഒരു പെണ്‍കുരങ്ങും ഹരിയാന റോത്തക്കിലെ തില്‍യാര്‍ മൃഗശാലയില്‍ നിന്നെത്തിച്ച രണ്ട് പെണ്‍കുരങ്ങുകളുമാണ് ഇന്ന് (സെപ്‌റ്റംബർ 30) ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്താണീ ഹനുമാന്‍ കുരങ്ങുകള്‍ (ഗ്രേ ലങ്കൂര്‍) ?, ഇവ മറ്റു കുരങ്ങുകളില്‍ നിന്ന് വ്യത്യസ്‌തമാകുന്നത് എങ്ങനെ ?
തെക്കനേഷ്യയില്‍ പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഒരു തരം കുരങ്ങുവര്‍ഗമാണ് ഹനുമാന്‍ കുരങ്ങുകള്‍ അഥവാ ഗ്രേ ലങ്കൂര്‍. കേരള, കര്‍ണാടക, തമിഴ്‌നാടിൻ്റെ ചില ഭാഗങ്ങള്‍, ഗോവ എന്നിവിടങ്ങളിലെ പശ്ചിമഘട്ട വനമേഖലകളിലാണ് ഇവയെ കാണപ്പെടുന്നത്. ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും ഇവയെ ധാരളമായി കണ്ടു വരുന്നുണ്ട്. കേരളത്തില്‍ സൈലൻ്റ് വാലിയിലും കബനിയിലും ഇവയെ കണ്ടു വരുന്നു.
കബനിയില്‍ ഇവയെ ധാരളമായി കണ്ടിട്ടുണ്ടെന്ന് പ്രശസ്‌ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ രാജേഷ് രാജേന്ദ്രന്‍ പറയുന്നു. ഹനുമാൻ്റെ വാനര സേനയിലെ അംഗങ്ങളില്‍ ഈ കുരങ്ങുകള്‍ ഉണ്ടായിരുന്നു എന്ന വിശ്വാസത്തിലാണ് ഉത്തരേന്ത്യക്കാര്‍ ഇതിനെ ഹനുമാന്‍ കുരങ്ങുകള്‍ എന്നു വിളിക്കുന്നത്.
സീതയെ രാവണൻ്റെ ലങ്കയില്‍ നിന്നു രക്ഷപ്പെടുത്തുന്നതിനിടെ ഈ വാനര സേനാംഗങ്ങളുടെ കൈയ്‌ക്കും മുഖത്തിനും പൊള്ളലേറ്റു എന്നൊരു വിശ്വാസവുമുണ്ട്. ഇവയുടെ മുഖത്തിന് ഇരുണ്ട കറുത്ത നിറവും മറ്റ് ശരീഭാഗം മുഴുവനും നരച്ച (ഗ്രേ) രോമങ്ങളുമാണ്. ഇവ സാധാരണയായി അക്രമകാരികളല്ല. ചിലപ്പോള്‍ മനുഷ്യര്‍ക്കു നേരെ ചീറിയടുക്കുക മാത്രമാണ് ചെയ്യാറുള്ളത്.
പ്രജനന കാലം സെപ്‌തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍
സാധാരണയായി ഇവ ഇണചേരുന്നത് സെപ്‌തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ്. 90 മുതല്‍ 120 ദിവസം വരെയാണ് ഇവയുടെ ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ ശരാശരി രണ്ടു കുഞ്ഞുങ്ങളുണ്ടാകും. അപൂര്‍വമായി മാത്രം മൂന്നു കുഞ്ഞുങ്ങളുണ്ടാകാറുമുണ്ട്. ആണ്‍കുരങ്ങുകള്‍ക്ക് പൊതുവെ വലുപ്പം കൂടുതലാണ്.
ആണ്‍ കുരങ്ങുകള്‍ക്ക് 75 സെൻ്റീമീറ്റര്‍ വരെ നീളവും പെണ്‍കുരങ്ങുകള്‍ക്ക് 65 സെൻ്റീമീറ്റര്‍ വരെ നീളവുമാണ് ഉണ്ടാകുക. Semnopithecus entellus എന്ന ജീവിവര്‍ഗത്തില്‍പ്പെട്ടതാണിവ.
ഭക്ഷണം ഇലകള്‍
ഇലകള്‍ കഴിക്കനാണ് പൊതുവെ ഹനുമാന്‍ കുരങ്ങുകള്‍ ഇഷ്‌ടപ്പെടുക. പാകമായ ഇലകളാണ് ഏറെ ഇഷ്‌ടം. ഒപ്പം പഴങ്ങളും കായ്‌കളും പയറുകളും ഭക്ഷണമാക്കും. ഏഴിനം ഹനുമാന്‍ കുരങ്ങുകളാണ് ഉളളത്. നേപ്പാള്‍ ഗ്രേ ലങ്കൂര്‍, കശ്‌മീര്‍ ഗ്രേ ലങ്കൂര്‍, താരായി ഗ്രേ ലങ്കൂര്‍, നോര്‍ത്തേണ്‍ പ്ലെയിന്‍ ഗ്രേ ലങ്കൂര്‍, ബ്ലാക്ക് ഫൂട്ടട് ഗ്രേ ലങ്കൂര്‍, സതേണ്‍ പ്ലെയിന്‍ ഗ്രേ ലങ്കൂര്‍, ടഫ്‌ടഡ് ഗ്രേ ലങ്കൂര്‍ എന്നിവയാണവ.
Also Read: തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യ; കെങ്കേമമായി ഇടയിലക്കാട് കാവിലെ 'വാനരന്മാരുടെ' ഓണം