തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം ഈ മാസം പതിനേഴാം തീയതി ശനിയാഴ്‌ച ആരംഭിക്കും. ഫെബ്രുവരി 25-ആം തീയതി ഞായറായാഴ്‌ചയാണ് പൊങ്കാല. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി പത്ത് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള പ്രായമുള്ള ബാലന്മാരാണ് ഇക്കൊല്ലം കുത്തിയോട്ട വ്രതം അനുഷ്‌ഠിക്കുന്നതെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മഹോത്സവത്തിന്‍റെ ആദ്യ ദിനം രാവിലെ 8 മണിക്ക് കാപ്പുകെട്ടി കുടിയിരുത്തും. അന്നേദിവസം ഉത്സവവുമായി ബന്ധപ്പെട്ടുള്ള കലാപരിപാടികളും നടക്കും. പ്രധാന വേദിയിലെ കലാപരിപാടികളുടെ ഉദ്ഘാടനം ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക് ചലച്ചിത്ര താരം അനുശ്രീ നിർവഹിക്കും. പ്രശസ്‌ത സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് ആറ്റുകാൽ അംബ പുരസ്‌കാരം നൽകി ക്ഷേത്രം ട്രസ്റ്റ് ആദരിക്കും.
പൊങ്കാല ദിവസം രാവിലെ 10:30നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം നടക്കുന്നത്. അന്ന് രാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് ഫെബ്രുവരി 26 തീയതി തിങ്കളാഴ്‌ച രാത്രി 12.30ന് നടക്കുന്ന കുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും (Aattukal ponkala 2024).
606 ബാലന്മാരാണ് ഈ വർഷം കുത്തിയോട്ട നേർച്ചയ്ക്ക് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഇതിനുപുറമേ പണ്ടാരഓട്ടം എല്ലാവർഷത്തെ പോലെ ഒരെണ്ണമുണ്ട്. 2025ലെ കുത്തിയോട്ടത്തിനായുള്ള രജിസ്ട്രേഷൻ 2024 നവംബർ 16ന് ആരംഭിക്കും. ഓഫീസ് മുഖാന്തരവും ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
പുതുതായി അനുവദിച്ച ആറ്റുകാൽ - ഗുരുവായൂർ കെഎസ്ആർടിസി ബസിന്‍റെ ആദ്യ ട്രിപ്പ് 12-02-2024 വൈകുന്നേരം 7 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഫ്ലാഗ് ഓഫ് ചെയ്യും. ദിവസവും രാത്രി 7.30ന് ആറ്റുകാലിൽ നിന്ന് ഗുരുവായൂരിലേക്കും ഉച്ചയ്ക്ക് 1.15ന് ഗുരുവായൂരിൽ നിന്ന് ആറ്റുകാലിലേക്കുമാണ് ട്രിപ്പ് അനുവദിച്ചിട്ടുള്ളത്.