തൃശൂർ: 17 -ാം വയസിൽ വിമാനം പറത്താൻ ഒരുങ്ങുകയാണ് പാലക്കാട് സ്വദേശിയായ കണ്ണൻ. തൃശൂരിലെ ഫ്ളൈയിങ് സ്‌കൂളിൽ ഗ്രൗണ്ട് ട്രെയിനിങ്ങിൽ എർപ്പെടുന്ന കണ്ണന് ടുണീഷ്യയിൽ വിമാനം പറത്തുന്നതിനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. പാലക്കാട്ടെ തന്‍റെ വീട്ടിലിരുന്ന് കണ്ട അതിരില്ലാത്ത ആകാശ സ്വപ്‌നങ്ങളാണ് ഇന്ന് കണ്ണനെ ടുണീഷ്യ വരെയുള്ള അവസരമൊരുക്കിയിരിക്കുന്നത്.
പ്ലസ്‌ടു പഠനശേഷം തൃശൂരിലെ റയാൻ എയർ എന്ന ഫ്ളൈയിങ് സ്‌കൂളിൽ എത്തിയതാണ് കണ്ണന് ജീവിത വഴിത്തിരിവായത്. ഓരോ പൈലറ്റും അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ട കാലാവസ്ഥാ പഠനവും എയർ ക്രാഫ്റ്റുകളുടെ പ്രവർത്ഥനവുമൊക്കെയാണ് കണ്ണൻ ഇപ്പോൾ സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നത്. അതോടൊപ്പമുള്ള സിമുലേറ്റർ ട്രെയിനിങ്ങിൽ കണ്ണൻ ഇപ്പോൾ തന്‍റെ ആകാശപ്പറക്കൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
ആദ്യമായി നടത്തിയ സിമുലേറ്റർ ട്രെയിനിങ്ങിൽ തന്നെ കണ്ണന്‍റെ പൈലറ്റ് ജോലിയിലുള്ള അഭിരുചി വ്യക്തമായെന്ന് റയാൻ എയർ ഫ്‌ളൈയിങ് സ്‌കൂൾ ഉടമ വികാസ് പറഞ്ഞു. ആകാശ മോഹങ്ങൾ മാത്രമല്ല കണ്ണനെ വ്യത്യസ്‌തനാക്കുന്നത് ഏറ്റവും പ്രായം കുറഞ്ഞ സ്‌പോർട്‌സ് ആംസ് ലൈസൻസി കൂടിയാണ് ഇയാൾ. ഗ്രൗണ്ട് ട്രെയിനിങ്ങിന് ശേഷം ടുണീഷ്യയിലെ തന്‍റെ യഥാർത്ഥ വിമാനം പറപ്പിക്കുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലാണ് കണ്ണനിപ്പോൾ.
Also Read : സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്; യാത്ര ബോയിങ്ങിന്‍റെ സ്റ്റാര്‍ ലൈനറില്‍ - Sunita Williams To Space Again