കണ്ണൂര്‍ : ഇന്ന് സെപ്‌റ്റംബർ 8, ഗ്രാന്‍റ് പാരന്‍റ്സ് ഡേ. ഇന്നത്തെ ദിവസം നമ്മുടെ മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കും വേണ്ടി മാറ്റിവച്ചാലോ? നമ്മുടെ വീട്ടിൽ മുത്തശ്ശിയും മുത്തശ്ശനുമാെക്കെ ഉണ്ടെങ്കിൽ നല്ല രസമല്ലേ? അവർ പറയുന്ന കഥകളൊക്കെ കേട്ടിരിക്കാം. സ്‌കൂൾ കഴിഞ്ഞ് വരുമ്പോ മടിയിലിരുത്തി പാട്ടൊക്കെ പാടിതരുന്ന മുത്തശ്ശിമാരുണ്ടെങ്കിൽ അതൊരു ഭാഗ്യമാണ്. എന്നാൽ ആരോരുമില്ലാതെ കഴിയുന്ന അനേകം മുത്തശ്ശിമാരും നമ്മുടെ സമൂഹത്തിലുണ്ട്. അവരെ ചേർത്തുപിടിക്കുന്നൊരു ഇടമുണ്ട് നമ്മുടെ കണ്ണൂരില്‍. അതാണ് സ്‌നേഹക്കൂട്.
ധര്‍മ്മടം, മീത്തലെ പീടികയിലാണ് സ്‌നേഹക്കൂട് സ്ഥിതി ചെയ്യുന്നത്. വൃദ്ധ സദനം എന്ന് കേട്ടാല്‍ ഭയവും വെറുപ്പുമുള്ള അവസ്ഥയില്‍ നിന്നും മാറി ചിന്തിക്കുന്ന ടെലിച്ചറി സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് നടത്തുന്ന സ്‌നേഹക്കൂട് പതിവ് വയോജന കേന്ദ്രത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. വാര്‍ധക്യത്തില്‍ ഉപേക്ഷിക്കപ്പെടുന്നവരുടെ താവളം എന്ന മനോഭാവം സ്‌നേഹക്കൂടിനില്ല.
കൂട്ടുകുടുംബത്തിന്‍റെ തകര്‍ച്ചയും അണുകുടുംബത്തിന്‍റെ ആഗമനവും ഒന്നും ഇവിടെ ആരേയും അലട്ടുന്നില്ല. ആരോരുമില്ലാത്ത അമ്മമാര്‍ക്ക് സുരക്ഷിത സ്ഥാനമായി മാറിയിരിക്കുകയാണ് സ്‌നേഹക്കൂട് എന്ന അഭയ കേന്ദ്രം. അഭയം തേടി എത്തിയവരെന്ന മനോഭാവമില്ലാതെ സ്‌നേഹക്കൂട്ടിലെ ജീവനക്കാര്‍ക്കൊപ്പം പാട്ടുപാടിയും തമാശ പറഞ്ഞും ഒരു കുടുംബം പോലെ എല്ലാവരും കഴിയുന്നു.
എഴുപത്തിയഞ്ച് കഴിഞ്ഞ ശാന്തയും നളിനിയും എല്ലാം മറന്ന് പാടുകയാണ്. പഴംപാട്ടുകള്‍ പാടുമ്പോള്‍ ആസ്വദിക്കാനായി മറ്റ് അമ്മമാരും കൂടുന്നു. ഇരു നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്‌നേഹക്കൂടില്‍ പതിനഞ്ച് അമ്മമാരാണ് കഴിയുന്നത്. പ്രായമായവരെ ഉപേക്ഷിക്കുകയോ ദേവാലയ നടയില്‍ തള്ളുകയോ ചെയ്യുന്ന ഇക്കാലത്ത് സ്‌നേഹത്തിന്‍റെയും കരുതലിന്‍റെയും ശക്തി പകരുകയാണ് സ്‌നേഹക്കൂടിന്‍റെ സംഘാടകര്‍. വയോധികരായ അമ്മമാര്‍ക്ക് സുരക്ഷിതരായി പാര്‍ക്കാന്‍ ഇതുപോലുളള സംരംഭങ്ങള്‍ അപൂര്‍വമാണ്. അമ്മമാരുടെ അഭയകേന്ദ്രം എന്ന നിലയില്‍ തലശ്ശേരിക്കടുത്ത കുട്ടിമാക്കൂലില്‍ വാടകകെട്ടിടത്തിലായിരുന്നു സ്‌നേഹക്കൂടിന്‍റെ തുടക്കം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
സുമനസുകളുടെ സഹായത്തോടെ സ്വന്തം സ്ഥലമെടുത്ത് ഇരുനില കെട്ടിടം പണിത് കട്ടിലും കിടക്കയും ഒക്കെ ഒരുക്കിയാണ് സ്‌നേഹക്കൂട് ഇവിടേക്ക് മാറ്റിയത്. മുകളില്‍ താമസിക്കുന്നവര്‍ക്ക് താഴേക്ക് ഇറങ്ങാനും കയറാനും ഒക്കെയുള്ള ലിഫ്റ്റും ഒരുക്കിയിട്ടുണ്ട്. ആരോഗ്യകരവും പോഷക പ്രധാനവുമായ ഭക്ഷണവും അമ്മമാര്‍ക്കായി ഇവിടെ നല്‍കുന്നു. രാവിലെ 7.15 ന് ചായയും ബിസ്‌ക്കറ്റും നല്‍കും. 8.30 ന് പ്രഭാത ഭക്ഷണമാണ്.
തിങ്കളാഴ്‌ചകളില്‍ പൂരിയും മുട്ടക്കറിയും. 11 മണിക്ക് ഹോര്‍ലിക്‌സ്. 1.15 ന് മീന്‍ കറിയും സാമ്പാറും തോരനും അടങ്ങിയ ചോറ്. നാല് മണിക്ക് ചായയും അവില്‍ ഉപ്പുമാവും. രാത്രി 7.15 ന് ഗോതമ്പും ചെറുപയറും ചേര്‍ന്ന കഞ്ഞി. ഓരോ ദിവസവും വിഭവങ്ങള്‍ മാറിക്കൊണ്ടിരിക്കും. സ്‌നേഹക്കൂടിന്‍റെ സംഘാടകര്‍ വനിതാശാക്തീകരണത്തിനായി ഉഷസ് എന്ന പേരില്‍ മറ്റൊരു സ്ഥാപനവും ആരംഭിച്ചു കഴിഞ്ഞു. സാന്ത്വന പരിചരണത്തിനായി നിലാവ് എന്ന പ്രസ്ഥാനവും അതിനൊരു വാഹനവുമുണ്ട്. വയോധികരായ പുരുഷന്‍മാര്‍ക്കു വേണ്ടിയുള്ള അഭയ കേന്ദ്രമാണ് ട്രസ്റ്റിന്‍റെ അടുത്ത ലക്ഷ്യം.
മദ്യത്തിന് അടിമപ്പെട്ടവരുടെ മോചനത്തിനായി തീരം പദ്ധതിയും അപകടത്തില്‍ പെടുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സക്കായി ഒപ്പം പദ്ധതിയും നടപ്പാക്കി വരുന്നു. അനാഥരായ പിഞ്ചു കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സുരഭി. ഭിന്നശേഷിക്കാര്‍ക്കായുള്ള കൈത്താങ്ങായി ചങ്ങാത്തം. ജീവകാരുണ്യം, അവയവദാനം, രക്തദാനം എന്നിവയില്‍ താത്പര്യം ജനിപ്പിക്കാന്‍ മിത്രം, ഗ്രാമീണ ജനതക്ക് വേണ്ടിയുളള ചികിത്സ പദ്ധതിയായ പുര, കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കാനുളള സമൃദ്ധി എന്നീ പദ്ധതിയും സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്‍റെ ലക്ഷ്യത്തിലുണ്ട്. എം. പി. അരവിന്ദാക്ഷന്‍ ചെയര്‍മാനും കെ. ശ്രീനിവാസന്‍ മാനേജിങ് ട്രസ്റ്റിയും മേജര്‍ പി. ഗോവിന്ദന്‍ വൈസ് ചെയര്‍മാനുമായ സംഘാടക സമിതിയാണ് ട്രസ്റ്റിന് നേതൃത്വം നല്‍കുന്നത്.