ഇടുക്കി: ഇടുക്കിയുടെ അതിര്‍ത്തി മണ്ഡലമായ തമിഴ്‌നാട്ടിലെ തേനിയില്‍ പോളിങ് പൂര്‍ത്തിയായി. ഡിഎംകെ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന തേനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മുന്‍ എംപിയും കളത്തിലിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ഇടുക്കിയിലെ തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഉള്‍പ്പടെ വോട്ടുള്ള മണ്ഡലമാണ് തേനി. വോട്ടിങ് ആരംഭിച്ചപ്പോള്‍ മുതല്‍ തേനിയിലെ ഗ്രാമീണ, നഗര മേഖലകളിലെ ബൂത്തുകളില്‍ മികച്ച തിരക്കാണ് അനുഭവപ്പെട്ടത്.
ദിവസേന ജോലിയ്ക്കായി ഇടുക്കിയിലേക്ക് എത്തുന്ന പതിനായിരക്കണക്കിന് തോട്ടം തൊഴിലാളികളില്‍ നല്ലൊരു ശതമാനവും ഇന്ന്, തെരഞ്ഞെടുപ്പായതിനാല്‍ ജോലിക്കായി എത്തിയിരുന്നില്ല. തമിഴ്‌നാട്ടില്‍ വോട്ടുള്ള, ഇടുക്കിയില്‍ സ്ഥിരതാമസമാക്കിയ വോട്ടര്‍മാരില്‍ പലരും കഴിഞ്ഞ ദിവസം തന്നെ വോട്ട് ചെയ്യാനായി സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഡിഎംകെ സ്ഥാനാര്‍ത്ഥി തങ്ക തമിഴ് ശെല്‍വനും എഐഡിഎംകെ സ്ഥാനാര്‍ത്ഥി വി ടി നാരായണ സ്വാമിയും തമ്മിലാണ് പ്രധാന മത്സരം. ഡിഎംകെയ്ക്ക് അനായാസ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മണ്ഡലത്തിലെ പോരാട്ടം അതിശക്തമാവുകയായിരുന്നു.
തേനി മണ്ഡലം, മുന്‍പ് പെരിയകുളം മണ്ഡലം ആയിരുന്നപ്പോള്‍ എഐഡിഎംകെ പ്രതിനിധിയായി മത്സരിച്ച് ജയിച്ച ആളാണ് ടിടവി ദിനകരന്‍. നാം തമിഴ് കക്ഷി സ്ഥാനാര്‍ത്ഥി ജെ മദനനും മത്സര രംഗത്ത് ഉണ്ട്. തേനി ജില്ലയിലെ കമ്പം, ബോഡി, ആണ്ടിപെട്ടി, പെരിയകുളം നിയോജക മണ്ഡലങ്ങളും മധുരയിലെ ഉസിലാംപെട്ടി, സോളവന്ദാന്‍ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് തേനി ലോക്‌സഭ മണ്ഡലം.
Also Read : ലക്ഷദ്വീപില്‍ പോളിങ് പൂര്‍ത്തിയായി, വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍ - Lakshadeep Polling