കാസർകോട് : പീരങ്കി എന്ന് കേൾക്കുമ്പോൾ നമ്മൾക്ക് മനസിലേക്ക് വരുന്നത് ചരിത്രത്തിൽ പഠിച്ചതും പിന്നെ മുതിർന്നവർ പകർന്നു നൽകിയ പണ്ടത്തെ യുദ്ധകാല കഥകളുമാകും. നമ്മൾ പീരങ്കികൾ കണ്ടിട്ടുള്ളത് മ്യൂസിയങ്ങളിലും ചരിത്ര സ്‌മാരകങ്ങളിലും മാത്രമാകും. മറ്റു ചിലർ ഫോട്ടോയിലൂടെ മാത്രവും.
എന്നാൽ ഇത്തരമൊരു പീരങ്കി ഇന്ന് ഒരാലയിലെ അടക്കല്ലാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?. എന്നാൽ നിങ്ങൾ വിശ്വസിക്കണം. പണ്ടുകാലത്ത് യുദ്ധത്തിനെല്ലാം ഉപയോഗിച്ചിരുന്ന പീരങ്കി ഇപ്പോൾ അടക്കാല്ലാണ്. ഫ്രഞ്ച് സൈന്യം ഉപേക്ഷിച്ചെന്നു കരുതുന്ന 200 ലേറെ വർഷമുള്ള പീരങ്കി ഇന്ന് നീലേശ്വരം കാരിമൂലയിലെ പിപി രവിയുടെ ആലയിലെ അടക്കല്ലായി മാറിയിരിക്കുകയാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പീരങ്കിക്ക് ഒരു രാജവംശത്തിൻ്റെ ചരിത്രം പറയാനുണ്ട്. രവിയുടെ ആലയിൽ ഉലയുടെ സഹായത്താൽ കനലിൽ നിന്ന് ചുട്ടുപഴുപ്പിച്ചെടുത്ത ഇരുമ്പ് ചുറ്റിക കൊണ്ട് അടിച്ചു പണിയായുധങ്ങളാക്കി മാറ്റുന്ന അടകല്ല് പറയുന്നത് നീലേശ്വരം രാജവംശത്തിൻ്റെ ചരിത്രമാണ്.
1757 ഡിസംബർ 3 ന് നീലേശ്വരം സന്ദർശിച്ച രാമന്തളിയിലെ ഫ്രഞ്ച് കമാൻണ്ടറുടെ സഹോദരൻ ആൻക്വിറ്റിൽ ഡുപേറൻ നീലേശ്വരത്ത് പാലായിക്കടുത്ത് ഫ്രഞ്ചു പീരങ്കി കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1756 ജൂൺ 22 ന് നീലേശ്വരത്തെ മൂന്നാംകൂർ രാജാവിൻ്റെ അനന്തരവൻ ഫ്രഞ്ചു സേനയെ പാലായിയിൽ വെച്ച് പരാജയപ്പെടുത്തിയതായും അന്നവിടെ ഉപേക്ഷിച്ച ഫ്രഞ്ച് സൈന്യത്തിൻ്റെ പീരങ്കിയാണതെന്നാണ് മൂന്നാംകൂർ രാജാവിൻ്റെ അനന്തരവൻ ഡുപേറനെ അറിയിച്ചത്.
മൂളികുളത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വർഷങ്ങളോളം കിടന്ന പീരങ്കി എൺപത് വർഷങ്ങൾക്ക് മുമ്പ് പാരമ്പര്യമായി കൊല്ലപ്പണിയെടുക്കുന്ന പിപി രവിയുടെ പിതാവ് പുതിയ പുരയിൽ കുഞ്ഞിരാമൻ്റെ പിതാവിന് ആലയിൽ ഉപയോഗിക്കുന്നതിനായി നാടുവാഴി നൽകിയെന്നാണ് വിശ്വസിച്ചു വരുന്നത്. കരിമൂല പടാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനടുത്തുള്ള ആലയിൽ അടങ്കല്ലായി ഉപയോഗിച്ച പീരങ്കി ഈയടുത്താണ് പുതിയതായി നിർമ്മിച്ച ആലയിലേക്ക് മാറ്റി സ്ഥാപിച്ചത്.
പ്രശസ്‌ത തെയ്യം കലാകാരൻ കേളു പണിക്കർ രചിച്ച് കഴിഞ്ഞ മാസം പ്രകാശനം ചെയ്‌ത 'കനൽവഴികൾ താണ്ടിയ ജീവിതം' എന്ന ഗ്രന്ഥത്തൽ നിന്നും പീരങ്കിയെക്കുറിച്ചറിഞ്ഞ ചരിത്രാധ്യാപകനായ ജയചന്ദ്രൻ ചാമക്കുഴി വിവരമറിയിച്ച് സ്ഥലം സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ചരിത്ര വിഭാഗം അധ്യാപകൻ ഡോ. നന്ദകുമാർ കോറോത്ത് ഫ്രഞ്ച് ഗ്രന്ഥത്തിലുള്ള പരാമർശത്തെക്കുറിച്ചും ഫ്രഞ്ച് നിർമ്മിതിയോടുള്ള സാമ്യതയും പ്രദേശവാസികളുമായി പങ്കുവച്ചു.
1771 ൽ ഫ്രഞ്ച് ഭാഷയിൽ ആൻക്വിറ്റിൽ ഡുപേറൻ എഴുതിയ സെൻത് അവസ്‌തയുടെ ആദ്യ യൂറോപ്യൻ പരിഭാഷ ഗ്രന്ഥത്തിൽ പതിമൂന്ന് പേജുകളിലായാണ് നീലേശ്വരത്തെക്കുറിച്ചുള്ള വിവരണങ്ങളുള്ളത്. ഗ്രന്ഥം 2013 -ൽ ഗൂഗിൾ ബുക്‌സ് ഡിജിറ്റലൈസ് ചെയ്‌തു.
കാനറിയൻസിനെതിരെ യുദ്ധത്തിൽ സഹായിക്കുന്നതിനായി നീലേശ്വരം രാജാവിൻ്റെ അധികാര പരിധിയിൽ കോട്ട കെട്ടാൻ രാജാവ് ഫ്രഞ്ചുകാരെ അനുവദിച്ചതും 1000 സ്വർണ പഗോഡകൾ നൽകാത്തതിനാൽ നീലേശ്വരത്തെ കോട്ടയുടെ പകുതി ഭാഗം കാനറിയൻസ് (ഇക്കേരി നായകൻമാർ) കൈവശപ്പെടുത്തിയതും തുടർന്ന് 1751-ൽ നിസഹായനായ കോലത്തിരി രാമന്തളി കോട്ട ഫ്രഞ്ചുകാരെ ഏൽപിച്ചതും ആൻക്വിറ്റിൽ ഡുപേറൻ വിവരിക്കുന്നുണ്ട്.
നീലേശ്വരത്തെ കോട്ട ശൃംഖലയുടെ വടക്കേ അറ്റത്ത് എട്ട് നിരീക്ഷണ കേന്ദ്രങ്ങളോട് കൂടിയ (ടവറുകൾ) മട്ടലായി കോട്ട കാനറീസിൽ നിന്ന് 1752 ജനുവരി 23 ന് ഫ്രഞ്ചു സൈന്യം പിടിച്ചടക്കി. മട്ടലായി കോട്ടപിടിച്ചാൽ നീലേശ്വരത്തിൻ്റെ അധികാരികൾ ആകാമെന്ന ചിന്തയിലാണ് ശക്തമായ ഏറ്റുമുട്ടലിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും മട്ടലായി കോട്ട പിടിച്ചടക്കിയത്.
പിന്നീടാണ് ഫ്രഞ്ച് സേനയെ നീലേശ്വരം രാജവംശത്തിലെ മൂന്നാംകൂർ രാജാവിൻ്റെ സൈന്യം പരാജയപ്പെടുത്തിയത്. രണ്ടാം കർണാട്ടിക് യുദ്ധത്തിൻ്റെ കാലഘട്ടത്തിലാണ് ഫ്രഞ്ചുകാർ പരാജയപ്പെട്ടത് എന്നത് കർണാടിക് യുദ്ധത്തിൽ നീലേശ്വരം പ്രദേശവും പങ്കാളികളായിരുന്നെന്നാണ് വ്യക്തമാക്കുന്നത്. ഡുപേറൻ നീലേശ്വരം നഗരത്തിലേക്ക് യാത്ര തിരിക്കുമ്പോൾ ഏഴിമല കോട്ടയുടെ കമാൻണ്ടർ ഡൗഡൻ രണ്ട് സൈനികരെ അംഗരക്ഷകരായി നൽകിയിരുന്നു. രാമന്തളിയിൽ നിന്നും പഴയ കപ്പൽ പാതയിലൂടെയാണ് അദ്ദേഹം നീലേശ്വരത്തേക്ക് യാത്ര തിരിച്ചതെന്നും പറയപ്പെടുന്നു.