എറണാകുളം: പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കേരളത്തിലെത്തി. കേരളത്തിന്‍റെ സാമ്പത്തിക ആവശ്യങ്ങളും വെല്ലുവിളികളും മനസിലാക്കുന്നതിനാണ് കമ്മിഷന്‍റെ ത്രിദിന സന്ദർശമെന്ന് സംസ്ഥാന ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിൽ എത്തിയ സംഘത്തെ ധനമന്ത്രി കെ എൻ ബാലഗോപാലും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് സംഘം കുമരകത്ത് ഫീൽഡ് സന്ദർശനം ആരംഭിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തിങ്കളാഴ്‌ച രാവിലെ സംഘം തിരുവാർപ്പ്, അയ്‌മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് തദ്ദേശ ഭരണവും വികസന പദ്ധതികളും വിലയിരുത്തും. വൈകുന്നേരത്തോടെ സംഘം കോവളത്തെത്തും. ചൊവ്വാഴ്‌ച രാവിലെ 9.30ന് കോവളം ലീല ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ കമ്മീഷൻ അംഗങ്ങളെ ഔദ്യോഗികമായി സ്വീകരിക്കും.
ഇതിന് ശേഷം കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. കെ എൻ ഹരിലാൽ, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അസോസിയേഷനുകളുടെ പ്രതിനിധികൾ, മുനിസിപ്പൽ ചെയർ പേഴ്‌സൺമാർ, മേയർ കൗൺസിലുകൾ എന്നിവരുമായി കമ്മിഷൻ കൂടിയാലോചന നടത്തും.
ഉച്ചയ്ക്ക് വ്യാപാര -വ്യാവസായ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തും. തുടര്‍ന്ന് രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുമായും സംഘം ആശയ വിനിമയം നടത്തും. ഉച്ചയ്ക്ക് ശേഷം ചെയർപേഴ്‌സൺ ഡോ. അരവിന്ദ് പനഗരിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കും.
സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും ഉയർത്തി കാട്ടുന്നതിനായി വ്യക്തമായ തയാറെടുപ്പുകള്‍ കേരള സർക്കാർ നടത്തിയതായി ധനമന്ത്രി അറിയിച്ചിരുന്നു. ആവശ്യങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാനും ന്യായമായ സാമ്പത്തിക അവകാശങ്ങൾ നേടിയെടുക്കാനും സംസ്ഥാനം പൂർണ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.