മുംബൈ : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും (India vs England 2nd Test) നിരാശപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പേസര്‍ സഹീര്‍ ഖാന്‍. വിശാഖപട്ടണം ടെസ്റ്റിന്‍റെ രണ്ട് ഇന്നിങ്‌സിലും മികച്ച തുടക്കം ലഭിച്ചതിന് ശേഷം വിക്കറ്റ് തുലച്ച ശ്രേയസിന്‍റെ പ്രവര്‍ത്തിയാണ് സഹീറിനെ ചൊടിപ്പിച്ചത്. സ്പിന്നര്‍മാര്‍ക്കെതിരെ മനോഹരമായി കളിക്കാന്‍ കഴിവുള്ള താരമാണ് ശ്രേയസ്.
എന്നാല്‍ താരം തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ തുലയ്‌ക്കുകയാണ് ചെയ്യുന്നത്. ടീമിനും വ്യക്തിഗതമായും പ്രധാനപ്പെട്ട സമയം താരം മനസിലാക്കണം. അല്ലെങ്കില്‍ ശ്രേയസ് ടീമിന് പുറത്തിരിക്കേണ്ടി വരുമെന്നുമാണ് 45-കാരനായ സഹീര്‍ തുറന്നടിച്ചിരിക്കുന്നത്.
"സ്പിന്നിനെതിരെ മികച്ച രീതിയില്‍ കളിക്കാന്‍ കഴിവുള്ള താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ അവന്‍ വീണ്ടും അവസരം പാഴാക്കി. സ്‌പിന്നര്‍മാര്‍ക്കെതിരെ അമിത ആധിപത്യം പുലർത്താൻ ശ്രമിക്കുന്നതിനിടയിൽ അവന്‍ തന്‍റെ വിക്കറ്റ് നഷ്‌ടപ്പെടുത്തുകയാണ്.
സാഹചര്യത്തിന് അനുസരിച്ചാണ് എപ്പോഴും കളിക്കേണ്ടത്. ടീമിനും വ്യക്തിഗതമായും നിര്‍ണായകമായ സമയം ഏതെന്ന് നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. അതിന് അനുസരിച്ച് പക്വതയോടെ കളിക്കേണ്ടതുണ്ട്" - സഹീർ ഖാന്‍ പറഞ്ഞു.
പ്രകടനം ഇങ്ങനെ തന്നെയാണങ്കില്‍ അടുത്ത മൂന്ന് ടെസ്റ്റുകളില്‍ ശ്രേയസിന് ടീമില്‍ സ്ഥാനം കിട്ടാനിടയില്ലെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു. "ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കഴിഞ്ഞതോടെ തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കായുള്ള ടീം തെരഞ്ഞെടുപ്പിലാണ് സെലക്‌ടര്‍മാര്‍. കെഎൽ രാഹുലും വിരാട് കോലിയും തിരിച്ചെത്തിയേക്കും.
പ്ലെയിങ് ഇലവനിലേക്ക് രണ്ട് പേര്‍ വരുമ്പോള്‍ തീര്‍ച്ചയായും രണ്ട് പേര്‍ പുറത്താവും. അതിനാല്‍ റണ്‍സ് നേടുകയോ സാഹചര്യത്തിന് അനുസരിച്ചുള്ള പക്വത കാണിക്കുകയോ ചെയ്യാതിരുന്നാല്‍ നിങ്ങള്‍ക്ക് പുറത്തിരിക്കേണ്ടിവരും. എന്തുകൊണ്ടും പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാനുള്ള മത്സരത്തില്‍ ശ്രേയസിനേക്കാള്‍ മുന്നിലാണ് ശുഭ്‌മാന്‍ ഗില്‍"- സഹീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: സ്റ്റോക്‌സിന് മറുപടി, ഇംഗ്ലീഷ് നായകന്‍റെ വിക്കറ്റ് ആഘോഷമാക്കി ശ്രേയസ് അയ്യര്‍
അതേസമയം 2022 ഡിസംബറിന് ശേഷം ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ ശ്രേയസ് അയ്യര്‍ക്ക് കഴിഞ്ഞിട്ടില്ല. വിശാഖപട്ടണം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 27 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 29 റണ്‍സുമാണ് ശ്രേയസിന് നേടാന്‍ കഴിഞ്ഞത്. ഇംഗ്ലീഷ് സ്‌പിന്നര്‍ ടോം ഹാര്‍ട്‌ലിയായിരുന്നു രണ്ട് ഇന്നിങ്‌സിലും 29-കാരനെ തിരിച്ചുകയറ്റിയത്.
ഇതിന് മുന്നെ കളിച്ച പത്ത് ഇന്നിങ്‌സുകളില്‍ 13(31), 35(63), 0(2), 4*(6), 31(50), 6(12), 0(2), 26(27), 4(15), 12(10) എന്നിങ്ങനെയാണ് ശ്രേയസ് റണ്‍സ് നേടിയിട്ടുള്ളത്. അതേസമയം അഞ്ച് മത്സര പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും കളിക്കുന്നത്. ഫെബ്രുവരി 15-ന് രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. ഇതടക്കമുള്ള ബാക്കി മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഉടന്‍ തന്നെ ബിസിസിഐ സെലക്‌ടര്‍മാര്‍ പ്രഖ്യാപിക്കും.