മുംബൈ : താനുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ ട്രോളുകള്‍ കുടുംബ ജീവിതത്തെ ബാധിച്ചുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ (Yuzvendra Chahal) ഭാര്യയും മോഡലുമായ ധനശ്രീ വര്‍മ (Dhanashree Verma). സോഷ്യല്‍ മീഡിയ വഴി എന്തും പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെങ്കിലും അത് മറ്റുള്ളവരുടെ വികാരത്തെ അവഗണിക്കുന്നതാവരുതെന്നും ധനശ്രീ പറഞ്ഞു. ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് 27-കാരി ഇതേക്കുറിച്ച് പ്രതികരിച്ചത്.
"ട്രോള്‍ ചെയ്യുന്നവരോട് ഏറെ ലളിതമായ ഒരു കാര്യമാണ് പറയാനുള്ളത്. ആദ്യം മനുഷ്യനാകൂ, അതിനുശേഷം മറ്റുള്ളവരെക്കുറിച്ച് വിധിയെഴുതുകയോ അഭിപ്രായങ്ങള്‍ പറയുകയോ ചെയ്യൂ. എന്‍റെ ജീവിതത്തിൽ ഒരിക്കലും ട്രോളുകള്‍ എന്നെ ബാധിച്ചിരുന്നില്ല. അവയൊക്കെ ചിരിച്ച് തള്ളുകയോ അവഗണിക്കുകയോ ചെയ്യാനുള്ള പക്വത എനിക്കുണ്ടായിരുന്നു.
എന്നാല്‍ സമീപകാലത്തുണ്ടായ ട്രോളുകള്‍ എന്നെ ബാധിച്ചു. കാരണം അതെന്‍റെ കുടുംബത്തെയും പ്രിയപ്പെട്ടവരേയും ബാധിച്ചു എന്നതാണ്. സോഷ്യല്‍ മീഡിയയില്‍ എന്തും പറയാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ അത് ഞങ്ങളുടെയോ കുടുംബത്തിന്‍റെയോ വികാരത്തെ മറന്നുകൊണ്ടോ അല്ലെങ്കില്‍ അവഗണിച്ചുകൊണ്ടാ ആകരുത്. ഇതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. സത്യം പറഞ്ഞാല്‍ ഏറെ സമാധാനം ലഭിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയെ ഏറെ നെഗറ്റീവ് ആയി ഉപയോഗിക്കുന്നവര്‍ വിദ്വേഷവും അസ്വസ്ഥതയുമാണ് പടര്‍ത്തുന്നത്. എന്‍റെ ജോലിയില്‍ ഏറെ പ്രധാനപ്പെട്ട ഭാഗമാണ് സോഷ്യല്‍ മീഡിയ. അതിനാല്‍ എനിക്കത് പൂര്‍ണമായും ഉപേക്ഷിക്കാന്‍ കഴിയില്ല. ഈ പ്ലാറ്റ്‌ഫോമിലൂടെയാണ് എന്‍റെ കഴിവുകള്‍ മറ്റുള്ളവര്‍ അറിഞ്ഞത്.
ഇക്കാരണത്താലാണ് ഞാന്‍ ധൈര്യം സംഭരിച്ച് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇത് നിങ്ങളോടുള്ള എന്‍റെ അപേക്ഷയാണ്. ഒരല്‍പം സെന്‍സിറ്റീവായി പെരുമാറുക. കാരണം നിങ്ങളെ ഓരോരുത്തരേയും സന്തോഷിപ്പിക്കാനാണ് ഞങ്ങള്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത്. ആളുകള്‍ക്ക് തങ്ങളുടെ പ്രതിഭയും കഴിവും പ്രകടിപ്പിക്കാനുള്ള വേദിയാണിത്.
നിങ്ങളുടെ അമ്മ, സഹോദരി, സുഹൃത്ത്, ഭാര്യ എന്നിവരെപ്പോലെ ഞാനും ഒരു സ്‌ത്രീയാണെന്ന കാര്യം മറക്കരുത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ എന്നോട് നിങ്ങള്‍ ചെയ്യരുത്. അതൊരിക്കലും ശരിയല്ല. എനിക്ക് ഇത്രയേ പറയാനുള്ളൂ. ഞാനൊരു പോരാളിയാണ്, ഒരിക്കലും തളര്‍ന്നുപോകില്ല"- ധനശ്രീ വര്‍മ പറഞ്ഞുനിര്‍ത്തി.
അടുത്തിടെ, കൊറിയോഗ്രാഫർ പ്രതീക് ഉതേകറിനൊപ്പമുള്ള ധനശ്രീ വർമ്മയുടെ ഫോട്ടോകളിലൊന്ന് വൈറലായിരുന്നു. നിലവില്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഈ ഫോട്ടോയ്‌ക്ക് നിരവധി ട്രോളുകള്‍ ലഭിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ധനശ്രീയുടെ ഇപ്പോഴത്തെ പ്രതികരണം.