മുംബൈ : ഐപിഎല്‍ പതിനേഴാം പതിപ്പിന് കൊടിയേറാൻ ദിവസങ്ങള്‍ മാത്രമാണ് ബാക്കി (IPL 2024). ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന പത്ത് ടീമുകളും ഇതിനോടകം കിരീടത്തിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ക്രിക്കറ്റ് ലോകത്തും ഇന്ത്യൻ പ്രീമിയര്‍ ലീഗിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിനോടകം സജീവമാണ്.
ഇവയില്‍ ട്രെന്‍ഡിങ് ആയിട്ടുള്ളത് മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്‌റ്റൻസിയെ കുറിച്ചുള്ള ചര്‍ച്ചകളും (Mumbai Indians Captain). ഐപിഎല്‍ താരലേലത്തിനും പ്ലെയര്‍ ട്രേഡിങ്ങിനും പിന്നാലെയാണ് മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ (Rohit Sharma) നീക്കിയത്. പിന്നാലെ, ഗുജറാത്ത് ടൈറ്റൻസില്‍ നിന്നും താര കൈമാറ്റത്തിലൂടെ അവര്‍ കൂടാരത്തിലെത്തിച്ച ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) മുംബൈ നായകനാക്കുകയായിരുന്നു.
ഇതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ആരാധകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നത്. നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ ഫ്രാഞ്ചൈസിയെ പിന്തുടരുന്നത് മതിയാക്കി തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കി. എന്നാല്‍, ഇപ്പോള്‍ ഈ വിഷയത്തില്‍ നിലപാട് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെയും മുംബൈ ഇന്ത്യൻസിന്‍റെയും മുൻ താരമായ യുവരാജ് സിങ് (Yuvraj Singh).
'അഞ്ച് പ്രാവശ്യം ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ക്യാപ്‌റ്റനാണ് രോഹിത് ശര്‍മ. അതുപോലെ ഒരു താരത്തെ ആ ടീമിന്‍റെ നായകസ്ഥാനത്ത് നിന്ന് നീക്കുക എന്ന് പറയുന്നത് വലിയ തീരുമാനമാണ്. ഹാര്‍ദിക്കിനെ ടീമിലെത്തിച്ചത് പോലെ കൊണ്ടുവരാൻ എനിക്കാണ് അവസരം ലഭിച്ചിരുന്നതെങ്കില്‍ രോഹിത് ശര്‍മയെ നായകനായി ഒരു സീസണ്‍ കൂടി കളിക്കാൻ ഞാൻ അനുവദിക്കുമായിരുന്നു.
അങ്ങനെ വന്നാല്‍ വൈസ് ക്യാപ്‌റ്റന്‍റെ ചുമതലയാകും ഹാര്‍ദിക്കിനെ ഞാൻ ഏല്‍പ്പിക്കുക. അങ്ങനെയായിരുന്നുവെങ്കില്‍ ഇരുവര്‍ക്കും കീഴില്‍ ടീം എങ്ങനെ കളിക്കുമെന്ന് കാണാനും സാധിക്കുമായിരുന്നു' - യുവരാജ് സിങ് അഭിപ്രായപ്പെട്ടു (Yuvraj Singh On Rohit Sharma). എന്തുകൊണ്ടാണ് ഇത്തരത്തില്‍ വലിയൊരു തീരുമാനത്തിലേക്ക് മുംബൈ ഇന്ത്യൻസ് എത്തിയത് എന്നതിനെ കുറിച്ച് തനിക്ക് ധാരണയുണ്ടെന്നും യുവരാജ് സിങ് പറഞ്ഞു.
Also Read : ക്യാപ്റ്റനായി രോഹിത്തില്ല, ഹാർദികിന്‍റെ ചിറകിലേറി ഐപിഎല്‍ കിരീടം പിടിക്കാൻ മുംബൈ ഇന്ത്യൻസ്
'ഭാവി മുന്നില്‍ കണ്ടാണ് ഫ്രാഞ്ചൈസി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന കാര്യം വ്യക്തമാണ്. എന്നാല്‍ ഇപ്പോഴും രോഹിത് ശര്‍മ ഇന്ത്യയുടെ ക്യാപ്‌റ്റനാണ്. മികച്ച രീതിയില്‍ തന്നെ അദ്ദേഹം ഇന്ത്യയ്‌ക്കായി കളിക്കുകയും ചെയ്യുന്നുണ്ടെന്നും ഓര്‍ക്കണം'- യുവരാജ് കൂട്ടിച്ചേര്‍ത്തു (Yuvraj Singh On Mumbai Indians Captaincy In IPL 2024).