പാരീസ്: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ സ്വന്തമാക്കി യോഗേഷ് കത്തൂനിയ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ എഫ്56 ഇനത്തിലാണ് ഇന്ത്യന്‍ താരത്തിന്‍റെ വെള്ളി നേട്ടം. പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ഒന്‍പതാം മെഡലാണിത്. നേരത്തേ ടോക്യോയിലും യോഗേഷ് വെള്ളിമെഡല്‍ നേടിയിരുന്നു. 42.22 മീറ്റർ ദൂരം ഡിസ്‌കസ് എറിഞ്ഞാണ് താരം മെഡൽ സ്വന്തമാക്കിയത്.
വെള്ളി മെഡൽ ഉറപ്പിക്കാനുള്ള ആദ്യ ശ്രമത്തിൽ 42.22 മീറ്ററാണ് താരം ഡിസ്‌കസ് എറിഞ്ഞത്. ബ്രസീലിന്‍റെ ക്ലോഡിനി ബാറ്റിസ്റ്റ ഡോസ് സാന്‍റോസാണ് സ്വർണം നേടിയത്. ക്ലോഡിനി തന്‍റെ ആദ്യ ശ്രമത്തിൽ 48.86 മീറ്റർ ഡിസ്‌കസ് എറിഞ്ഞാണ് സ്വർണം നേടിയത്. ഇത് താരത്തിന്‍റെ ഹാട്രിക് സ്വർണ മെഡലാണ്.
ഗ്രീസിന്‍റെ കോൺസ്റ്റാന്‍റിനോസ് സൂനിസ് 41.32 മീറ്റർ എറിഞ്ഞ് വെങ്കലം നേടി. ആറ് വർഷം മുമ്പ് 2018 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഗെയിംസിൽ യോഗേഷ് 45.18 മീറ്റർ അകലെ ഡിസ്‌കസ് എറിഞ്ഞ് ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു.യോഗേഷിന്‍റെ വെള്ളി മെഡലോടെ പാരാലിമ്പിക് ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 9 ആയി.