ധാംബുള്ള: വനിത ഏഷ്യ കപ്പ് ടി20യില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഉജ്ജ്വല തുടക്കം കുറിച്ച് ഇന്ത്യ. ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ 19.2 ഓവറില്‍ 108ന് എറിഞ്ഞിട്ട ഇന്ത്യ 35 പന്തുകൾ ശേഷിക്കെയാണ് ലക്ഷ്യം മറികടന്നത്. പാകിസ്ഥാൻ ഉയര്‍ത്തിയ 109 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയത്തിലെത്തിയത്.
ഓപ്പണർമാരായ സ്‌മൃതി മന്ദാനയുടെയും (45), ഷഫാലി വർമയുടെയും (40) മികച്ച പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. വിജയലക്ഷ്യമായ 109 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്‌ക്ക് സ്‌മൃതി മന്ദാനയും ഷഫാലി വര്‍മ്മയും ചേര്‍ന്നൊരുക്കിയത് മികച്ച തുടക്കം. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 85 റണ്‍സ് അടിച്ചെടുത്തു.
പവര്‍പ്ലേയില്‍ തന്നെ നയം വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും പ്രകടനം. ആദ്യ ആറ് ഓവറില്‍ 57 റണ്‍സായിരുന്നു ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിലേക്ക് എത്തിയത്. മത്സരത്തിലെ ഏഴാം ഓവര്‍ പന്തെറിയാനെത്തിയ തുബ ഹസൻ മന്ദാനയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞു. പാക് ലെഗ് സ്പിന്നര്‍ക്കെതിരെ അഞ്ച് ബൗണ്ടറിയടക്കം 21 റണ്‍സായിരുന്നു സ്‌മൃതി അടിച്ചത്.
പത്താം ഓവറിലായിരുന്നു സ്‌മൃതി മന്ദാനയുടെ പുറത്താകല്‍. സെയ്‌ദ അറൂബ് ഷായാണ് 31 പന്തില്‍ 45 റണ്‍സ് നേടിയ സ്‌മൃതിയെ പുറത്താക്കിയത്. 12-ാം ഓവറില്‍ ഷഫാലിയേയും സെയ്‌ദ പുറത്താക്കി. 29 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 40 റണ്‍സ് നേടിയാണ് ഷഫാലി മടങ്ങിയത്.
മൂന്നാം നമ്പറില്‍ ക്രീസിലെത്തി 14 റണ്‍സ് നേടിയ ദയാലൻ ഹേമലതയെ ജയത്തിനരികെ ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടു. പിന്നാലെ ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (5) ജെമീമ റോഡ്രിഗസും (3) ചേര്‍ന്നായിരുന്നു ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്‌തി ശര്‍മയും രണ്ട് വീതം വിക്കറ്റ് വീതം സ്വന്തമാക്കിയ പൂജ വസ്‌ത്രകാര്‍, രേണുക സിങ്, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ ചേര്‍ന്നാണ് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാനെ ഓവര്‍ പൂര്‍ത്തിയാക്കാന്‍ അനുവതിക്കാതെ കൂടാരം കയറ്റിയത്. ഓപ്പണര്‍ ഗുല്‍ ഫെറോസയെ (5) വീഴ്ത്തി രണ്ടാം ഓവറിൽ തന്നെ ഇന്ത്യ പാകിസ്ഥാന് വലിയ പ്രഹരമേല്‍പ്പിച്ചു.
പിന്നീട് പാകിസ്ഥാന്‍ ബാറ്റര്‍മാരെ കൃത്യമായ ഇടവേളയില്‍ എറിഞ്ഞിട്ട ഇന്ത്യന്‍ ബൗളര്‍മാര്‍ ഇന്ത്യയുടെ വിജയം എളുപ്പമാക്കി. ഇറം ജാവേദ്, നഷ്‌റ സന്ധു, സാദിയ ഇഖ്ബാല്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ സിദ്ര അമീന്‍ (25), ഫാത്തിമ സന (22), തുബ ഹസന്‍ (22), മുനീബ അലി (11) എന്നിവര്‍ക്ക് രണ്ടക്കം കടക്കാനായി. ഗുല്‍ ഫിറോസ (5), ആലിയ റിയാസ് (6), ക്യാപ്റ്റന്‍ നിദ ദര്‍ (8), സയിദ അറൂബ് ഷാ (2) എന്നിങ്ങനെയാണ് മറ്റ് പാകിസ്ഥാന്‍ താരങ്ങളുടെ റൺസ് നില. മലയാളി താരങ്ങളായ ആശാ ശോഭനയ്ക്കും സജന സജീവനും പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.