പാരിസ് ഒളിമ്പിക്‌സില്‍ വനിതകളുടെ ഗുസ്‌തിയില്‍ ഫ്രീസ്റ്റൈൽ 50 കിലോ ഗ്രാം വിഭാഗത്തിൽ കലാശപ്പോരിന് ഇറങ്ങാനിരിക്കെ ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ അയോഗ്യയായിരിക്കുകയാണ് ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടുതലായതോടെയാണ് വിനേഷിന് ഒളിമ്പിക് കമ്മിറ്റി അയോഗ്യത കല്‍പ്പിച്ചിരിക്കുന്നത്. അടുത്ത കാലത്തായി 53 കിലോ വിഭാഗത്തില്‍ മത്സരിച്ചിരുന്ന വിനേഷ് തന്‍റെ ശരീര ഭാരം കുറച്ചാണ് പാരിസില്‍ 50 കിലോ വിഭാഗത്തില്‍ ഇറങ്ങിയത്.
അന്താരാഷ്‌ട്ര തലത്തില്‍ നിരവധി താരങ്ങള്‍ ഇത്തരത്തില്‍ ഭാരം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്‌ത് വ്യത്യസ്‌ത ഭാരവിഭാഗങ്ങളില്‍ മത്സരിക്കാന്‍ ഇറങ്ങാറുണ്ട്. വിചാരിക്കുന്ന അത്ര എളുപ്പമുള്ള കാര്യമല്ലിത്. ഒരു പക്ഷെ ഇതവരുടെ ആരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിച്ചേക്കാം. ഇതേക്കുറിച്ച് വിശദമായി അറിയാം....
ഭാരം കുറയ്‌ക്കല്‍ അഥവാ വെയ്‌റ്റ് കട്ട്
ഒരു അത്‌ലറ്റ് തന്‍റെ ഭാരം കുറയ്ക്കുന്ന പ്രക്രിയയെയാണ് വെയ്‌റ്റ് കട്ട് എന്ന് വിളിക്കുന്നത്. ഒരു പ്രത്യേക ഭാരവിഭാഗത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി മത്സരം നടക്കുന്നതിന് മുന്നോടിയായാണ് താരങ്ങള്‍ വെയ്‌റ്റ് കട്ട് ചെയ്യാറുള്ളത്. ഘട്ടംഘട്ടമായുള്ള വെയ്‌റ്റ് കട്ടിന് ആരോഗ്യ പ്രശ്നങ്ങൾ കുറവാണ്. എന്നാല്‍ പെട്ടെന്നുള്ള വെയ്‌റ്റ് കട്ട് പ്രതികൂലമായി ബാധിക്കാനും ഇടയുണ്ട്.
വെയ്‌റ്റ് കട്ട് എളുപ്പമല്ല
പെട്ടെന്ന് ഭാരം കുറയ്‌ക്കുന്നതിനായി ഏറെ കഠിനമായ പ്രവര്‍ത്തനങ്ങളാണ് അത്‌ലറ്റുകള്‍ ചെയ്യാറുള്ളത്. ഭക്ഷണവും വെള്ളവും ഒഴിവാക്കല്‍, സ്റ്റീം ബാത്ത്, വിയര്‍ക്കുന്ന തരത്തിലുള്ള വസ്‌ത്രം ധരിച്ച് കഠിനമായ വ്യായാമം തുടങ്ങിയവയാണ് പൊതുവെ ഇതിനായി ചെയ്യാറുള്ളത്. മുടി മുറിക്കുന്നതിന് പുറമെ രക്തം കുത്തിയെടുക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലും അത്‌ലറ്റുകള്‍ ഏര്‍പ്പെടാറുണ്ട്.
ഭാരപരിധോന ഇങ്ങനെ
പ്രിലിമിനറി റൗണ്ട് മത്സരങ്ങള്‍ നടക്കുന്ന ദിവസം രാവിലെയാണ് ഗുസ്‌തി താരങ്ങള്‍ക്ക് ഭാരപരിശോധന നടക്കുക. ഫൈനല്‍, റെപ്പഷാഗെ റൗണ്ടിലേക്ക് എത്തുമ്പോള്‍ ഇതു ഒരു ദിവസം മുന്നെയാവും. പ്രലിമിനറി റൗണ്ട് കടന്നെങ്കിലും രണ്ടാം തവണ ഭാരം അളക്കുമ്പോള്‍ കൂടുതലാണെങ്കില്‍ പ്രസ്‌തുത വിഭാഗത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നാണ് വിലയിരുത്തുക. എന്നാല്‍ ലോകകപ്പിനും അന്താരാഷ്‌ട്ര ടൂർണമെന്‍റുകളിലും 2 കിലോ വരെയുള്ള ഭാരത്തിന് ഇളവ് നല്‍കാറുണ്ട്.
വെയ്‌റ്റ് കട്ടും പരിശോധനയും
പരിശോധനയ്‌ക്ക് മുന്നോടിയായാണ് താരങ്ങള്‍ വെയ്‌റ്റ് കട്ട് ചെയ്യാറുള്ളത്. പരിശോധനയെന്ന കടമ്പ കടന്നു കഴിഞ്ഞാല്‍ പിന്നീട് മത്സരത്തിനുള്ള ഊര്‍ജ്ജം നേടിയെടുക്കുകയാണ് ചെയ്യാറുള്ളത്. ഇതിനായി ഭക്ഷണം കഴിക്കുകയും ശരീരം പരിപോഷിക്കുന്നതിനായി ഇലക്‌ട്രോലൈറ്റുകളും കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഉപയോഗിക്കുകയും ചെയ്യും. ഇതോടെ പരിശോധനയ്‌ക്ക് ശേഷം കളത്തിലേക്ക് എത്തുന്ന താരത്തിന് ഭാരം കൂടാന്‍ സാധ്യതയുണ്ട്.
വിനേഷിന് സംഭവിച്ചതെന്ത്?
ആദ്യ ഘട്ട പരിശോധനയില്‍ വിനേഷിന് ഭാരമാനദണ്ഡം പാലിക്കാന്‍ കഴിഞ്ഞിരുന്നു. ഇതിന് ശേഷം താരം ഭക്ഷണം കഴിക്കുകയും പ്രോട്ടീന്‍ ഉള്‍പ്പെടെയുള്ള ഉപയോഗിക്കുകയും ചെയ്‌തിരിക്കാം. ഇതോടെ രാത്രിയോടെ താരത്തിന്‍റെ ഭാരത്തില്‍ ഏതാണ്ട് രണ്ട് കിലോയോളം വര്‍ധനവുണ്ടായി.
ഫൈനലിന് മുന്നോടിയായി നടക്കുന്ന പരിശോധനയ്‌ക്കായി ഇതു കുറയ്‌ക്കുന്നതിനായി വിനേഷ് കഠിന പരിശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഉറങ്ങാതെ സൈക്ലിങ്ങും ജോഗിങ്ങുമെല്ലാം നടത്തിയെങ്കിലും ഇതെല്ലാം വിഫലമായി.