ഗുയാന : ടി20 ലോകകപ്പില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനോട് പൊരുതി തോറ്റ് പാപുവ ന്യൂ ഗിനിയ. ഗുയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസിനോട് അഞ്ച് വിക്കറ്റിന്‍റെ തോല്‍വിയാണ് പാപുവ ന്യൂ ഗിനിയ വഴങ്ങിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പിഎൻജി എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 136 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഒരു ഓവര്‍ ശേഷിക്കെയാണ് ജയത്തിലേക്ക് എത്തിയത്. 27 പന്തില്‍ 42 റണ്‍സ് നേടിയ റോസ്റ്റോണ്‍ ചേസ് ആണ് അവരുടെ ടോപ് സ്കോറര്‍. ജോണ്‍ കരിക്കോ, ക്യാപ്‌റ്റൻ അസദ് വാല എന്നിവരുടെ ബൗളിങ് മികവായിരുന്നു മത്സരത്തില്‍ വിന്‍ഡീസ് ജയം വൈകിപ്പിച്ചത്.
139 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇൻഡീസിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിനെ നഷ്‌ടമായി. അലെയ് നാവോയുടെ പന്തില്‍ അക്കൗണ്ട് തുറക്കും മുന്‍പ് താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ നിക്കോളസ് പുരാൻ ബ്രാന്‍ഡൻ കിങ്ങിനൊപ്പം വിന്‍ഡീസ് സ്കോര്‍ ഉയര്‍ത്തി.
രണ്ടാം വിക്കറ്റില്‍ 54 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 9-ാം ഓവറില്‍ നിക്കോളസ് പുരാൻ പുറത്തായി. വമ്പനടിക്കാരനായ താരം 27 പന്തില്‍ 27 റണ്‍സ് നേടിയാണ് മടങ്ങിയത്. അടുത്ത ഓവറില്‍ ബ്രാൻഡൻ കിങ്ങും (34) വീണു.
നായകൻ റോവ്‌മാൻ പവലിന്‍റെ ഇന്നിങ്‌സിനും അധികം ആയുസ് ഉണ്ടായിരുന്നില്ല. 14 പന്തില്‍ 15 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഷെര്‍ഫെയ്‌ൻ റൂതര്‍ഫോര്‍ഡിനും (2) തിളങ്ങാനായില്ല. ഏഴാം നമ്പറില്‍ എത്തിയ ആന്ദ്രേ റസലും (9 പന്തില്‍ 15) റോസറ്റോണ്‍ ചേസും ചേര്‍ന്ന് വിന്‍ഡീസിനെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. പിഎൻജിക്കായി പന്തെറിഞ്ഞ ക്യാപ്‌റ്റൻ അസദ് വാല രണ്ട് വിക്കറ്റാണ് വീഴ്‌ത്തിത്.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പാപുവ ന്യൂ ഗിനിയ സെസെ ബോയുടെ (50) അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്. അസദ് വാല (21), വിക്കറ്റ് കീപ്പര്‍ കിപ്ലിന്‍ ദൊറിഗ (18 പന്തില്‍ 27), ചാള്‍സ് അമിനി (12), ചാദ് സോപര്‍ (10) എന്നിവരാണ് പിഎൻജി നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍.
Also Read : രോഹിത്തിനൊപ്പം കോലി...?; ഇന്ത്യൻ ലൈനപ്പില്‍ സസ്‌പെൻസ് തുടരുന്നു - Virat Kohli Opening