മുംബൈ : ഐസിസി പുരുഷ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍. മറ്റൊരു മേജര്‍ ടൂര്‍ണമെന്‍റിന് പടിവാതില്‍ക്കലും ലോകകപ്പിലെ ഫേവറൈറ്റുകളിലൊന്നായി തന്നെയാണ് ടീം ഇന്ത്യയേയും ഏവരും നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ആരൊക്കെ വേണം ഏതൊക്കെ താരങ്ങള്‍ ഏതെല്ലാം പൊസിഷനില്‍ ബാറ്റ് ചെയ്യാൻ എത്തണം എന്ന കാര്യത്തിലൊക്കെ സമൂഹ മാധ്യമങ്ങളിലും മറ്റും ചര്‍ച്ച പുരോഗമിക്കുകയാണ്.
ഈ കാര്യത്തില്‍ തന്‍റെ നിര്‍ദേശങ്ങള്‍ പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യയുടെ മുൻ താരം വസീം ജാഫര്‍. ടി20 ലോകകപ്പില്‍ നായകൻ രോഹിത് ശര്‍മ ഇന്ത്യയ്‌ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാൻ ഇറങ്ങേണ്ട എന്നാണ് വസീം ജാഫര്‍ പറയുന്നത്. രോഹിതിന് ബാറ്റ് ചെയ്യാൻ മറ്റൊരു പൊസിഷനും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. വസീം ജാഫറിന്‍റെ അഭിപ്രായം ഇങ്ങനെ...
'യശസ്വി ജയ്സ്വാളിനൊപ്പം വിരാട് കോലി ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറാകണം എന്നാണ് എന്‍റെ അഭിപ്രായം. ടീമിന് എങ്ങനെയുള്ള തുടക്കമാണോ ലഭിക്കുന്നത് അതിന് അനുസരിച്ച് രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ക്രീസിലേക്ക് വരണം. സ്‌പിന്നര്‍മാര്‍ക്കെതിരെ രോഹിത് നല്ലപോലെ കളിക്കുന്ന ആളായതുകൊണ്ട് തന്നെ ഇവിടെ ആശങ്കപ്പെടേണ്ട കാര്യങ്ങള്‍ ഒന്നും തന്നെയില്ല'- എന്നായിരുന്നു വസീം ജാഫറിന്‍റെ എക്‌സ് പോസ്റ്റ്.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത്-ജയ്‌സ്വാള്‍ സഖ്യം ഇന്ത്യയ്‌ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കോലി തന്‍റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെ ക്രീസിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇങ്ങനെ വന്നാല്‍ സൂര്യകുമാര്‍ യാദവായിരിക്കും നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക.
ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഓപ്പണര്‍ റോളില്‍ മികച്ച പ്രകടനം നടത്താൻ വിരാട് കോലിക്കായിരുന്നു. സീസണില്‍ ആര്‍സിബിക്കായി 15 മത്സരത്തിലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത കോലി 741 റണ്‍സാണ് നേടിയത്. 154.69 ആയിരുന്നു സീസണില്‍ വിരാട് കോലിയുടെ സ്ട്രൈക്ക് റേറ്റ്.
അതേസമയം, വരുന്ന ജൂണ്‍ 1 മുതല്‍ 29 വരെ കരീബിയൻ ദ്വീപുകളിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പിന്‍റെ എട്ടാം പതിപ്പ് അരങ്ങേറുക. ജൂണ്‍ ഒന്നിന് ന്യൂയോര്‍ക്കില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഇതേ വേദിയില്‍ ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
ജൂണ്‍ ഒമ്പതിന് പാകിസ്ഥാനെയും ഇന്ത്യ നേരിടും. ടൂര്‍ണമെന്‍റിന്‍റെ സഹ ആതിഥേയരായ അമേരിക്ക, കാനഡ ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ജൂണ്‍ 12, 15 തീയതികളിലാണ് ഈ മത്സരങ്ങള്‍.