ഹൈദരാബാദ്: രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മുൻ ഇന്ത്യൻ താരം വസീം ജാഫർ വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ പഞ്ചാബ് മുഖ്യ പരിശീലകനാകും. വെസ്റ്റ് ഇൻഡീസിനെതിരെ ഇരട്ട സെഞ്ച്വറി നേടിയ ജാഫർ ഉത്തരാഖണ്ഡിന്‍റെ പരിശീലകനായിരുന്നു.
ഇന്ത്യക്കായി 31 ടെസ്റ്റുകളും 2 ഏകദിനങ്ങളും ജാഫർ കളിച്ചിട്ടുണ്ട്. 260 മത്സരങ്ങളിൽ നിന്ന് 19410 ഫസ്റ്റ് ക്ലാസ് റൺസാണ് വസീം ജാഫര്‍ നേടിയത്. 2008-09, 2009-10 സീസണുകളിൽ ജാഫര്‍ മുംബൈയ്‌ക്കായി രണ്ട് രഞ്ജി ട്രോഫി കിരീടങ്ങൾ നയിച്ചിട്ടുണ്ട്. വിദർഭയെ പ്രതിനിധീകരിച്ച വസിം ജാഫര്‍ 2017-18, 2018-19 വർഷങ്ങളിൽ രഞ്ജി ട്രോഫി നേടിയപ്പോൾ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു.
ഉത്തരാഖണ്ഡിനെയും ഒറീസയെയും നയിച്ച ശേഷം ജാഫർ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ ആഭ്യന്തര ടീമാണ് പഞ്ചാബ്. 46 കാരനായ അദ്ദേഹം 2019 മുതൽ 2021 വരെ പഞ്ചാബ് കിംഗ്‌സിന്‍റെ ബാറ്റിങ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ബംഗ്ലാദേശ് അണ്ടർ 19 ടീമിന്‍റേയും ബാറ്റിംഗ് കൺസൾട്ടാന്‍റായും പ്രവർത്തിച്ചു.