ഇസ്ലാമാബാദ്: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ( Bangladesh Premier League) കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലര്‍ (David Miller) തന്‍റെ വിവാഹം നീട്ടിവച്ചതായി വെളിപ്പെടുത്തി പാകിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രം ( Wasim Akram ). ഇതിനായി താരത്തിന് വമ്പന്‍ തുക വാഗ്‌ദാനം ചെയ്‌തുവെന്നുമാണ് വസീം അക്രം പറയുന്നത്. ഒരു ചര്‍ച്ചയ്‌ക്കിടെയാണ് പാകിസ്ഥാന്‍ മുന്‍ പേസര്‍ ഇക്കാര്യം പറഞ്ഞത്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടക്കുന്നതിനാല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കാര്യമായി ഫോളോ ചെയ്യാന്‍ കഴിഞ്ഞില്ല. അവിടെ ആരാണ് വിജയിച്ചതെന്ന് അന്വേഷിക്കുന്നതിന് ഇടയിലാണ് മില്ലറുടെ വിവാഹം മാറ്റിവച്ച സംഭവത്തെക്കുറിച്ച് താന്‍ അറിഞ്ഞതെന്നാണ് വസീം അക്രം പറയുന്നത്.
ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഫോര്‍ച്യൂണ്‍ ബാരിഷല്‍ ടീമംഗമാണ് ഡേവിഡ് മില്ലര്‍. ലീഗില്‍ ടീമിന്‍റെ അവസാന മൂന്ന് പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കുന്നതിനായാണ് മില്ലര്‍ തന്‍റെ വിവാഹം മാറ്റിവച്ചത്. ഇതിനായി 150,000 ഡോളർ (ഏകദേശം 1.24 കോടി രൂപ) താരത്തിന് വാഗ്‌ദാനം ചെയ്‌തിരുന്നതായാണ് വസീം അക്രം അവകാശപ്പെട്ടിരിക്കുന്നത്.
ഫോര്‍ച്യൂണ്‍ ബാരിഷലിന്‍റെ അവസാന മൂന്ന് മത്സരങ്ങളിലും ഡേവിഡ് മില്ലര്‍ കളിച്ചിരുന്നു. ലീഗില്‍ ടീം കന്നി കിരീടം നേടിയപ്പോള്‍ പ്ലേ ഓഫിലെ മൂന്ന് മത്സരങ്ങളില്‍ നിന്നായി 47 റണ്‍സും ഒരു വിക്കറ്റുമാണ് മില്ലര്‍ കണ്ടെത്തിയത്. മാര്‍ച്ച് ഒന്നിനായിരുന്നു ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനല്‍ നടന്നത്.
പിന്നാലെ മാര്‍ച്ച് 10-ന് ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണില്‍വെച്ചായിരുന്നു മില്ലറുടെ വിവാഹം. ദീർഘകാല സുഹൃത്ത് കാമില ഹാരിസിനെയാണ് (Camilla Harris) താരം വിവാഹം ചെയ്‌തിരിക്കുന്നത്. ആരാധകര്‍ക്കായി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വിവാഹ ചിത്രങ്ങള്‍ യുവദമ്പതികള്‍ പങ്കുവച്ചിരുന്നു.
വിവാഹ ചടങ്ങില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് പങ്കെടുത്തത്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിലവിലെ താരങ്ങളായ ഐഡൻ മാർക്രം, ക്വിന്‍റൺ ഡി കോക്കും മുന്‍ താരം മാര്‍ക്ക് ബൗച്ചറും ഉള്‍പ്പെടെയുള്ളവരും ഡേവിഡ് മില്ലര്‍ക്കും കാമിലയ്‌ക്കും ആശംസകള്‍ നേരാന്‍ എത്തിയിരുന്നു. സ്വന്തം നിലയില്‍ ബിസിനസ് നടത്തുന്ന കാമില ഒരു പ്രൊഫഷണൽ പോളോ താരം കൂടിയാണ്.
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനായാണ് (Gujarat Titans) ഡേവിഡ് മില്ലര്‍ കളിക്കുന്നത്. ലീഗില്‍ മൈതാനത്ത് ഇറങ്ങുന്ന മില്ലറെ പ്രോത്‌സാഹിപ്പിക്കാന്‍ കഴിഞ്ഞ സീസണില്‍ കാമിലയുമെത്തിയിരുന്നു. കാമില തന്‍റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചുവെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ 34-കാരനായ താരം ആരാധകരെ അറിയിച്ചിരുന്നു. ഇനി ഐപിഎല്ലിലൂടെയാണ്
(IPL 2024) ഡേവിഡ് മില്ലര്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്തുക. 2010-ൽ ദക്ഷിണാഫ്രിക്കയ്‌ക്കായി അരങ്ങേറ്റം കുറിച്ചെങ്കിലും ഐപിഎല്ലാണ് ഡേവിഡ് മില്ലറുടെ വളര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്. 2013-ലെ സീസണില്‍ താരം നടത്തിയ സ്‌ഫോടനാത്മക പ്രകടനമാണ് ഇതിന് അടിത്തറയൊരുക്കിയത്.
ALSO READ: ലോകകപ്പ് ടി 20 ടീമില്‍ വിരാട് കോലി വേണം, കാരണം പറഞ്ഞ് അനില്‍ കുംബ്ലെ
പഞ്ചാബ് കിങ്‌സിനായി (അന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ) ഫിനിഷറുടെ റോളില്‍ മിന്നിത്തിളങ്ങിയ മില്ലര്‍ 418 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. സീസണില്‍ ടീമിന്‍റെ ടോപ് സ്‌കോററായ ഈ പ്രകടനത്തിന്‍റെ പിന്തുണയില്‍ 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടം കണ്ടെത്താനും മില്ലര്‍ക്ക് കഴിഞ്ഞു. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടിയേ വന്നിട്ടില്ല.