ന്യൂഡല്‍ഹി: പാകിസ്ഥാന്‍റെ രാജ്യാന്തര ടി20 ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന താരമല്ല ബാബര്‍ അസം എന്ന് വിരേന്ദര്‍ സെവാഗ്. ടി20 ലോകകപ്പില്‍ നിന്നും പാകിസ്ഥാൻ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെയാണ് മുൻ ഇന്ത്യൻ താരത്തിന്‍റെ പ്രതികരണം. റിസ്‌ക് എടുക്കാൻ തയ്യാറാകാത്തവരെയല്ല, ടോപ് ഓര്‍ഡറില്‍ സിക്‌സറുകള്‍ അടിക്കാൻ തയ്യാറാകുന്ന താരങ്ങളെയാണ് ഓരോ ടീമിനും ആവശ്യമെന്നും സെവാഗ് അഭിപ്രായപ്പെട്ടു.
ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനക്കാരനാണെങ്കിലും ആ മികവ് ഈ ലോകകപ്പില്‍ കാണിക്കാൻ പാക് നായകൻ ബാബര്‍ അസമിന് സാധിച്ചിരുന്നില്ല. നാല് മത്സരങ്ങളില്‍ നിന്നും 40.66 ശരാശരിയില്‍ 122 റണ്‍സ് മാത്രമാണ് ബാബര്‍ നേടിയത്. 101.66 ആയിരുന്നു ലോകകപ്പില്‍ പാക് നായകന്‍റെ സ്ട്രൈക്ക് റേറ്റ്. ഇതുകൂടി കണക്കിലെടുത്താണ് സെവാഗിന്‍റെ വിമര്‍ശനം.
'അധികം സിക്‌സറുകള്‍ അടിക്കാൻ ശ്രമിക്കുന്ന ഒരു കളിക്കാരനല്ല ബാബര്‍ അസം. ക്രീസിലെത്തി ഒന്ന് സെറ്റായി കഴിഞ്ഞ് സ്‌പിന്നര്‍മാര്‍ വരുന്ന സമയങ്ങളില്‍ മാത്രമാണ് അവൻ സിക്‌സുകള്‍ അടിക്കാൻ ശ്രമിക്കുന്നത്. ഫാസ്റ്റ് ബോളര്‍മാരെ കവറിലൂടെ അവൻ അതിര്‍ത്തിവരയ്‌ക്ക് മുകളിലൂടെ പറത്തുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.
ഗ്രൗണ്ട് ഷോട്ടുകളിലൂടെ സുരക്ഷിതമായി കളിച്ച് റണ്‍സ് നേടാൻ മാത്രമാണ് ബാബര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ടി20 ഫോര്‍മാറ്റ് ബാബറിന് യോജിച്ച കളിയല്ലെന്ന് നിസംശയം പറയാം. റണ്‍സൊക്കെ നേടുന്നുണ്ടെങ്കിലും അവന്‍റെ സ്ട്രൈക്ക് റേറ്റ് വളരെ മോശമാണ്.
ക്യാപ്‌റ്റനെന്ന നിലയില്‍ ബാബറിന്‍റെ ഈ ശൈലി ടീമിന് പ്രയോജനം ചെയ്യുന്നതാണോ എന്ന കാര്യം ചിന്തിക്കണം. അങ്ങനെയല്ലെങ്കില്‍ ബാറ്റിങ്ങില്‍ അല്‍പം താഴേക്ക് ഇറങ്ങണം. പകരം, വേഗം റണ്‍സ് കണ്ടെത്താൻ കഴിവുള്ള ഒരാളെ ആദ്യ ആറോവറില്‍ ബാറ്റ് ചെയ്യാൻ വിട്ട് 50-60 റണ്‍സ് സ്കോര്‍ ചെയ്യാൻ ടീമിനെ സഹായിക്കണം. ക്യാപ്റ്റൻ സ്ഥാനം പോയാല്‍ പിന്നെ ബാബറിന് പാകിസ്ഥാന്‍റെ ടി20 ടീമില്‍ സ്ഥാനം ഉണ്ടായേക്കില്ല'- വിരേന്ദര്‍ സെവാഗ് പറഞ്ഞു.
ടി20 ലോകകപ്പിലെ ആദ്യ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനക്കാരായാണ് ബാബര്‍ അസമിന്‍റെയും സംഘത്തിന്‍റെയും മടക്കം. നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു പാകിസ്ഥാന് ജയിക്കാനായത്. യുഎസ്‌എ, ഇന്ത്യ ടീമുകളോടേറ്റ തോല്‍വിയാണ് കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപ്പുകളായ പാകിസ്ഥാന് ഇത്തവണ തിരിച്ചടിയായി മാറിയത്.