മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഇന്നലെയാണ് ഔദ്യോഗികമായി അവസാനിച്ചത്. ഇതോടെ, രാഹുല്‍ ദ്രാവിഡ് സ്ഥാനം ഒഴിയുന്നതോടെ പകരം ആരാകും എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പരിശീലക സ്ഥാനത്തേക്ക് ആരെല്ലാം അപേക്ഷ സമര്‍പ്പിച്ചുവെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ബിസിസിഐയും പുറത്തുവിടാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സസ്‌പെൻസും തുടരുകയാണ്.
രാഹുല്‍ ദ്രാവിഡിന്‍റെ പകരക്കാരനായി പലരും സാധ്യത കല്‍പ്പിക്കുന്നത് ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീറിനാണ്. ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഉപദേഷ്‌ടാവായി പ്രവര്‍ത്തിച്ച ഗംഭീര്‍ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചോ എന്നതില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാൻ ഏറ്റവും യോഗ്യനായ വ്യക്തി മുൻ നായകൻ എംഎസ് ധോണിയാണെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് വിരാട് കോലിയുടെ ആദ്യകാല പരിശീലകൻ രാജ്‌കുമാര്‍ ശര്‍മ.
ഇക്കഴിഞ്ഞ ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ധോണി കളത്തിലിറങ്ങിയിരുന്നു. ഐപിഎല്ലില്‍ നിന്നും ധോണി ഔദ്യോഗികമായി തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ ഇന്ത്യൻ മുൻ താരത്തെ കോച്ചായി ബിസിസിഐ പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്‌കുമാര്‍ ശര്‍മയുടെ വാക്കുകള്‍ ഇങ്ങനെ...
'ആദ്യം അറിയേണ്ട രസകരമായ ഒരു കാര്യമാണ് ഈ സ്ഥാനത്തേക്ക് ആരൊക്കെയാണ് അപേക്ഷ സമര്‍പ്പിച്ചുവെന്നത്. ആരെല്ലാം അപേക്ഷ നല്‍കിയാലും കോച്ചായി എത്തേണ്ടത് ഒരു ഇന്ത്യക്കാരൻ ആയിരിക്കണം എന്നാണ് എന്‍റെ ആഗ്രഹം. ഐപിഎല്ലില്‍ നിന്നും ധോണി വിരമിക്കുകയാണെങ്കില്‍ ഈ റോളിന് പറ്റിയ നല്ലൊരു ഓപ്‌ഷനായിരിക്കും അദ്ദേഹം.
ഓരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ആളാണ് ധോണി. അദ്ദേഹത്തിന് കീഴില്‍ വലിയ ടൂര്‍ണമെന്‍റുകളിലും ടീം ഇന്ത്യയ്‌ക്ക് ജയിക്കാനായിട്ടുണ്ട്. ധോണി കോച്ചായി വന്നാല്‍ ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ നിന്നും അദ്ദേഹത്തിന് മികച്ച സ്വീകാര്യതയും ബഹുമാനവും ലഭിക്കുമെന്നുറപ്പാണ്.
ഇത്തരമൊരു റോളിലേക്ക് എത്തുന്ന വ്യക്തിക്ക് ടീമിന് വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യാനും അത് ശരിയായി കൈകാര്യം ചെയ്യാനുമുള്ള കഴിവ് അനിവാര്യമാണ്. സച്ചിൻ ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, ഹര്‍ഭജൻ സിങ്, യുവരാജ് സിങ്, ഗൗതം ഗംഭീര്‍ ഇങ്ങനെ വമ്പൻ താരങ്ങളായിരുന്നു ധോണി ക്യാപ്‌റ്റനായെത്തുമ്പോള്‍ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നത്. ഇവരെല്ലാം അടങ്ങിയ ടീമിനെ മികച്ച രീതിയിലായിരുന്നു ധോണി കൈകാര്യം ചെയ്‌തത്'- രാജ്‌കുമാര്‍ ശര്‍മ.
2019-ലെ ഏകദിന ലോകകപ്പിന് പിന്നാലെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് സജീവം. നേരത്തെ, 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്‌ടാവായി ധോണി പ്രവര്‍ത്തിച്ചിരുന്നു.