ടെക്‌സസ്: ടി20 ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യുഎസ്‌എയ്‌ക്ക് തകര്‍പ്പൻ ജയം. കാനഡയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ ജയമാണ് അമേരിക്ക സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് കാനഡ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം ആരോണ്‍ ജോണ്‍സിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തില്‍ 14 പന്ത് ശേഷിക്കെ യുഎസ് മറികടക്കുകയായിരുന്നു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കാനഡ ഓപ്പണർ നവ്നീത് ധലിവാളിന്‍റെയും (44 പന്തില്‍ 61), നിക്കോളസ് കിര്‍ട്ടന്‍റെയും (31 പന്തില്‍ 51) അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച സ്കോറിലേക്ക് എത്തിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശ്രേയസ് മൊവ്വയുടെ പ്രകടനവും കാനഡയുടെ ഇന്നിങ്‌സിന് കരുത്തായി. ആരോണ്‍ ജോണ്‍സണ്‍ (16 പന്തില്‍ 23), പര്‍ഗത് സിങ് (7 പന്തില്‍ 5), ദില്‍പ്രീത് ബജ്‌വ (5 പന്തില്‍ 11) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ശ്രേയസ് മൊവ്വയ്‌ക്കൊപ്പം ദിലോണ്‍ ഹെയ്‌ലിഗര്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. യുഎസിനായി പന്തെറിഞ്ഞ അലി ഖാൻ, ഹർമീത് സിങ്, കോറി ആൻഡേഴ്‌സൻ എന്നിവര്‍ ഓരോ വിക്കറ്റുകളാണ് നേടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അമേരിക്കയ്‌ക്ക് ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ സ്റ്റീവൻ ടെയ്‌ലറെ (0) നഷ്‌ടമായി. ഏഴാം ഓവറില്‍ ക്യാപ്‌റ്റൻ മൊണാങ്ക് പട്ടേലും (16) മടങ്ങി. പിന്നീട് ഒന്നിച്ച ആന്‍ഡ്രിസ് ഗൗസും ആരോൺ ജോൺസും അനായാസം യുഎസ് സ്കോര്‍ ഉയര്‍ത്തി.
46 പന്തുകൾ നേരിട്ട് 65 റണ്‍സെടുത്ത ആന്‍ഡ്രിസ് ഗൗസിനെ ജയത്തിന് അരികിലാണ് യുഎസ്‌എയ്‌ക്ക് നഷ്‌ടമായത്. എന്നാല്‍, പിന്നീട് എത്തിയ കോറി ആൻഡേഴ്‌സനെ മറുവശത്ത് നിര്‍ത്തി ആരോണ്‍ ജോണ്‍സ് യുഎസിന് ടി20 ലോകകപ്പിലെ ആദ്യ ജയം സമ്മനിക്കുകയായിരുന്നു. മത്സരത്തില്‍ 40 പന്ത് നേരിട്ട ആരോണ്‍ ജോണ്‍സ് പുറത്താകാതെ 94 റണ്‍സാണ് നേടിയത്. നാല് ഫോറും പത്ത് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.