ലാസ് വെഗാസ്: ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ നിന്നും പുറത്ത്. നേക്ക്‌ഔട്ടില്‍ കരുത്തരായ ഉറുഗ്വേയ്‌ക്ക് മുന്നിലാണ് കാനറിപ്പടയുടെ കാലിടറിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-2 എന്ന സ്കോറിനായിരുന്നു ബ്രസീലിന്‍റെ പരാജയം.
ഫെഡറിക്കോ വാല്‍വെര്‍ദെ, റോഡ്രിഗോ ബെന്റാന്‍കര്‍, ജോര്‍ജിയന്‍ ഡി അരാസ്‌കെറ്റ, മാനുവല്‍ ഉഗാര്‍ത്തെ എന്നിവരായിരുന്നു ഷൂട്ടൗട്ടില്‍ ഉറുഗ്വേയ്‌ക്കായി സ്കോര്‍ ചെയ്‌തത്. ജോസ് മരിയ ഗിമെനെസിന്റെ കിക്ക് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ തടുത്തിടുകയായിരുന്നു. ആന്‍ഡ്രേസ് പെരെയ്‌ര, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവര്‍ ബ്രസീലിനായി പന്ത് വലയിലാക്കിയപ്പോള്‍ എഡെര്‍ മിലിറ്റാവോ, ഡഗ്ലസ് ലൂയിസ് എന്നിവര്‍ക്ക് പിഴയ്‌ക്കുകയായിരുന്നു.
ബ്രസീലിനെതിരായ ജയത്തോടെ 2011ന് ശേഷം ആദ്യമായി ഉറുഗ്വേ കോപ്പ അമേരിക്ക ഫുട്‌ബോളിന്‍റെ സെമി ഫൈനലില്‍ ഇടംപിടിച്ചു. സെമിയില്‍ കൊളംബിയയാണ് ഉറുഗ്വേയുടെ എതിരാളി.