ലണ്ടൻ: യൂറോപ്യൻ ക്ലബ് ഫുട്‌ബോളിന്‍റെ ചാമ്പ്യന്മാര്‍ ആരെന്ന് അറിയാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ജര്‍മൻ ക്ലബ് ബൊറൂസിയ ഡോര്‍ട്‌മുണ്ടും യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ കലാശപ്പോരാട്ടത്തില്‍ തമ്മിലേറ്റുമുട്ടുമ്പോള്‍ കളിക്കളത്തില്‍ തീപാറുമെന്ന് ഉറപ്പ്. രാത്രി 12:30നാണ് വെംബ്ലിയില്‍ കലാശപ്പോരിനുള്ള ആദ്യ വിസില്‍ മുഴങ്ങുക.
ഇതിഹാസ താരം ടോണി ക്രൂസിന് കിരീടത്തോടെ യാത്രയയപ്പ് നല്‍കുക എന്ന ലക്ഷ്യത്തോടെയാകും 'ഡോണ്‍ കാര്‍ലോ'യുടെ ശിഷ്യന്മാര്‍ ഇന്ന് വെംബ്ലിയില്‍ പന്ത് തട്ടാനിറങ്ങുക. ഇന്ന് ജയിച്ചാല്‍ സാന്‍റിയാഗൊ ബെര്‍ണബ്യൂവിലെ ഷെല്‍ഫിലേക്ക് എത്തുക 15-ാം ചാമ്പ്യൻസ് ലീഗ് കിരീടം. ഈ സീസണില്‍ തോല്‍വികളൊന്നുമറിയാതെയാണ് റയല്‍ മാഡ്രിഡ് ഫൈനല്‍ വരെയെത്തിയത്.
നാപ്പോളി, ബ്രാഗ, യൂണിയൻ ബെര്‍ലിൻ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സിയില്‍ കളിച്ച ആറ് മത്സരവും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് റയല്‍ മാഡ്രിഡ് പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ ആര്‍ ബി ലെയ്‌പ്സിഗിന് റയലിന് മുന്നില്‍ അടിതെറ്റി.
ക്വാര്‍ട്ടറില്‍ റയലിന് മുന്നില്‍ വീണത് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിന്‍റെ കുതിപ്പ് അവസാനിപ്പിച്ചുകൊണ്ടായിരുന്നു കാര്‍ലോ ആൻസലോട്ടിയും കൂട്ടരും വെംബ്ലിയിലേക്ക് ടിക്കറ്റെടുത്തത്.
ഫൈനലിലും 4-3-1-2 ഫോര്‍മേഷനില്‍ തന്നെയാകും റയല്‍ കളിക്കുക. വിനീഷ്യസും റോഡ്രിയും മുന്നേറ്റത്തിലും പിന്നില്‍ അറ്റാക്കിങ് മിഡ് ഫീല്‍ഡറായി ജൂഡ് ബെല്ലിങ്‌ഹാമും അണിനിരക്കും. വാല്‍വെര്‍ദെ, ക്രൂസ്, കാമവിംഗ ത്രയം മധ്യനിരയില്‍ കളി നിയന്ത്രിക്കും. ലൂക്കാ മോഡ്രിച്ചിന്‍റെ സേവനവും മധ്യനിരയ്‌ക്ക് കരുത്ത് പകരുന്നതാകും. കാര്‍വാള്‍, നാച്ചോ, റൂഡിഗര്‍, മെന്‍ഡി എന്നിവരാകും പ്രതിരോധക്കോട്ടയൊരുക്കുക.
27 വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടം ലക്ഷ്യമിട്ടാണ് ബൊറൂസിയ ഡോര്‍ട്‌മുണ്ട് റയലിനെ നേരിടാൻ ഇറങ്ങുന്നത്. ചാമ്പ്യൻസ് ലീഗില്‍ ഈ സീസണില്‍ ആകെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഡോര്‍ട്‌മുണ്ട് പരാജയപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തിലും ക്വാര്‍ട്ടറിന്‍റെ ആദ്യ പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോടുമായിരുന്നു തോല്‍വികള്‍.
സെമിഫൈനലില്‍ ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിയെ തകര്‍ത്തായിരുന്നു ഡോര്‍ട്‌മുണ്ട് ഫൈനലിന് യോഗ്യത നേടിയത്. 4-2-3-1 ശൈലിയില്‍ നിക്കോളാസ് ഫുള്‍ക്രുഗിനെ ഏക സ്ട്രൈക്കറാക്കിയാകും ബൊറുസിയ ഡോര്‍ട്‌മുണ്ട് കലാശക്കളിയില്‍ റയലിനെ നേരിടാൻ ഇറങ്ങുക.