തിരുവനന്തപുരം: അവസാന മത്സരത്തിൽ റെഡ് കാർഡ് നേടിയതിനെ തുടർന്ന് അടുത്ത മത്സരത്തിൽ വിലക്ക് നേരിടുന്ന പാട്രിക് മോട്ടയുടെ അഭാവത്തിൽ മിഡ്‌ഫീൽഡിൽ മാറ്റങ്ങളുണ്ടാകുമെന്ന് ട്രിവാൻഡ്രം കൊമ്പൻസിന്‍റെ കോച്ച് സെർജിയോ അലെക്‌സാൻഡ്രോ. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കൊമ്പൻസിന്‍റെ പരിശീലനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കോച്ച്.
പാസിൽ അപാകതകളുണ്ടെന്ന് മനസിലാക്കുന്നു. ഇതു പരിഹരിക്കാനുള്ള പരിശ്രമത്തിലാണ്. വരുന്ന മത്സരത്തിൽ ഉറപ്പായും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടീമിന്‍റെ ഉയർന്ന പോയിന്‍റ് നിലയിൽ ആത്മവിശ്വാസമുണ്ട്. പാട്രിക് മോട്ടയുടെ അഭാവം ടീമിനെ ബാധിക്കില്ല. ടീമിന് ശക്തമായ ഒരു സംഘമുണ്ട്. ബാലൻസാണ് കളിയിൽ ആവശ്യം. ചില വ്യത്യാസങ്ങൾ വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കളിയിൽ ഫോഴ്‌സ കൊച്ചി നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്. കൊച്ചിയുടെ കരുത്തിനെ കുറച്ചു കാണുന്നില്ലായെന്നും സെർജിയോ വ്യക്തമാക്കി.
പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ട്രിവാൻഡ്രം മൂന്ന് കളിയിൽ നിന്നും രണ്ടു സമനിലയും ഒരു വിജയവുമാണ് ഇതുവരെ നേടിയത്. കോഴിക്കോട് എഫ് സി യാണ് ഒന്നാം സ്ഥാനത്ത്. ഫോഴ്‌സ കൊച്ചിയുമായാണ് കൊമ്പൻസിന്‍റെ അടുത്ത മത്സരം. സെപ്റ്റംബർ 27 ന് കൊച്ചിയിലാണ് മത്സരം. ഒക്ടോബർ 2 ന് ഹോം ഗ്രൗണ്ടിൽ മലപ്പുറവുമായി കൊമ്പൻസ് ഏറ്റുമുട്ടും.