ഒരു നൂറ്റാണ്ടിന് ശേഷം ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് നഗരമായ പാരിസ്. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെ ലോകം പാരിസ് എന്ന മഹാനഗരത്തിലേക്ക് ചുരുങ്ങും. 11 ദിനരാത്രങ്ങളില്‍ നൂറുകണക്കിന് കായിക ഇനങ്ങളിലായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രതിഭകള്‍ മാറ്റുരയ്‌ക്കും.
ചിലര്‍ക്ക് ഒളിമ്പിക്‌സില്‍ ഇത് അരങ്ങേറ്റമായിരിക്കാം. മറ്റ് ചിലര്‍ക്കാകട്ടെ ഒളിമ്പിക്‌സില്‍ ഇത് തങ്ങളുടെയും ആ മത്സരയിനത്തിലേയും റെക്കോഡുകള്‍ തിരുത്തിയെഴുതാനുള്ള അവസരവും. അങ്ങനെയൊരു ലക്ഷ്യവുമായി ഇത്തവണ പാരിസിലേക്ക് വണ്ടി കയറുന്ന ചിലരെ നമുക്ക് പരിചയപ്പെടാം.
![PARIS OLYMPICS പാരിസ് ഒളിമ്പിക്‌സ് 2024 ഒളിമ്പിക്‌സ് റെക്കോഡ് OLYMPICS 2024](https://etvbharatimages.akamaized.net/etvbharat/prod-images/20-07-2024/21999836_kevin-durant.png)
കെവിൻ ഡ്യുറാന്‍റ്: പാരിസ് ഒളിമ്പിക്‌സിലെ ബാസ്‌കറ്റ് ബോളില്‍ അമേരിക്ക സ്വര്‍ണം നേടിയാല്‍ അവരുടെ സൂപ്പര്‍ താരം കെവിൻ ഡ്യുറാന്‍റിനെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. ഓഗസ്റ്റ് 10ന് നടക്കുന്ന കലാശക്കളിയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും സ്വര്‍ണം യുഎസ്‌എ ടീം അടിച്ചെടുത്താല്‍ ഏതെങ്കിലും ഒരു ടീം ഇനത്തില്‍ നാല് സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ താരമായി കെവിൻ ഡ്യൂറാന്‍റിന് മാറാം.
![PARIS OLYMPICS പാരിസ് ഒളിമ്പിക്‌സ് 2024 ഒളിമ്പിക്‌സ് റെക്കോഡ് OLYMPICS 2024](https://etvbharatimages.akamaized.net/etvbharat/prod-images/20-07-2024/21999836_-nikola-karabatic.png)
നിക്കോള കരബാറ്റിച്ച്: ടീം വിഭാഗത്തില്‍ നാല് സ്വര്‍ണം എന്ന നേട്ടത്തിലേക്ക് ആദ്യം എത്താൻ കെവിൻ ഡ്യുറാന്‍റിനായില്ലെങ്കില്‍ പിന്നീട് ഈ നേട്ടം സ്വന്തമാക്കാൻ അവസരമുള്ളത് ഫ്രാൻസിന്‍റെ ഹാൻഡ്ബോള്‍ താരം നിക്കോള കരബാറ്റിച്ചിനാണ്. കഴിഞ്ഞ അഞ്ച് ഒളിമ്പിക്‌സുകളിലും ഫ്രഞ്ച് പടയെ ഹാൻഡ്ബോളില്‍ പ്രതിനിധീകരിച്ച താരം 2008, 2012, 2020 വര്‍ഷങ്ങളില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. ഇത്തവണയും ഗോള്‍ഡ് മെഡല്‍ നേട്ടം ആവര്‍ത്തിക്കാനായാല്‍ 40കാരനായ താരത്തിന് കരിയറില്‍ ലഭിക്കുന്ന ഏറ്റവും മികച്ച യാത്രയയപ്പ് ആയിരിക്കും അത്.
![PARIS OLYMPICS പാരിസ് ഒളിമ്പിക്‌സ് 2024 ഒളിമ്പിക്‌സ് റെക്കോഡ് OLYMPICS 2024](https://etvbharatimages.akamaized.net/etvbharat/prod-images/20-07-2024/21999836_jimmer.png)
ജിമെര്‍ ഫ്രെഡെറ്റ്: പാരിസ് ഒളിമ്പിക്‌സില്‍ അമേരിക്കയുടെ 3x3 ബാസ്ക്കറ്റ് ബോള്‍ താരമാണ് ജിമെര്‍ ഫ്രെഡെറ്റ്. പാരിസില്‍ ഫ്രെഡെറ്റിനെ കാത്തിരിക്കുന്നത് ഈ വിഭാഗത്തില്‍ ആദ്യമായി കളിക്കാനിറങ്ങുന്ന എൻബിഎ താരമെന്ന റെക്കോഡ് ആണ്. ജൂലൈ 30നാണ് 3x3 ബാസ്ക്കറ്റ് ബോള്‍ വിഭാഗത്തിലെ ആദ്യ മത്സരം.
![PARIS OLYMPICS പാരിസ് ഒളിമ്പിക്‌സ് 2024 ഒളിമ്പിക്‌സ് റെക്കോഡ് OLYMPICS 2024](https://etvbharatimages.akamaized.net/etvbharat/prod-images/20-07-2024/21999836_jackieyoung.png)
കെൽസി പ്ലം, ജാക്കി യങ്: വനിത ബാസ്‌കറ്റ് ബോളില്‍ 3x3 , 5x5 എന്നീ വിഭാഗങ്ങളില്‍ സ്വര്‍ണം നേടുന്ന ആദ്യ താരങ്ങള്‍ ആകാനുള്ള അവസരമാണ് അമേരിക്കയുടെ കെല്‍സി പ്ലമിനെയും ജാക്കി യങ്ങിനെയും കാത്തിരിക്കുന്നത്. ടോക്യോ ഒളിമ്പിക്‌സില്‍ അമേരിക്കയെ ബാസ്‌കറ്റ് ബോള്‍ 3x3 വിഭാഗം ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരങ്ങളായിരുന്നു ഇരുവരും. റെക്കോഡ് നേടാന്‍ ഇത്തവണ 5x5 വിഭാഗത്തിലാണ് ഇരുവര്‍ക്കും സ്വര്‍ണം വേണ്ടത്.
![PARIS OLYMPICS പാരിസ് ഒളിമ്പിക്‌സ് 2024 ഒളിമ്പിക്‌സ് റെക്കോഡ് OLYMPICS 2024](https://etvbharatimages.akamaized.net/etvbharat/prod-images/20-07-2024/21999836_isabell.png)
ഇസബെൽ വെർത്ത്, കേറ്റ് ലെഡെക്കി: എക്വസ്ട്രിയൻ (അശ്വാഭ്യാസം), നീന്തല്‍ എന്നീ വിഭാഗങ്ങളില്‍ ഇതുവരെ ഏഴ് സ്വര്‍ണമെഡലുകള്‍ സ്വന്തമാക്കിയ താരങ്ങളാണ് ഇസബെൽ വെർത്ത്, കേറ്റ് ലെഡെക്കി എന്നിവര്‍. ഒരു കായിക ഇനത്തില്‍ കൂടുതല്‍ സ്വര്‍ണമെഡലുകള്‍ നേടിയ താരമായി മാറാനുള്ള അവസരമാണ് ഇരുവര്‍ക്കും പാരിസില്‍ ഉള്ളത്.
നിലവില്‍ 9 പ്രാവശ്യം സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ ജിംനാസ്റ്റിക് താരം ലാരിസ ലാറ്റിനിനയുടെ പേരിലാണ് ഈ റെക്കോഡ്. ഇസബെൽ വെർത്തിന് രണ്ടും കേറ്റ് ലെഡെക്കിയ്‌ക്ക് നാല് ഇനങ്ങളിലുമാണ് പാരിസില്‍ മത്സരങ്ങളുള്ളത്.
![PARIS OLYMPICS പാരിസ് ഒളിമ്പിക്‌സ് 2024 ഒളിമ്പിക്‌സ് റെക്കോഡ് OLYMPICS 2024](https://etvbharatimages.akamaized.net/etvbharat/prod-images/20-07-2024/21999836_nino-salukvadze.png)
നിനോ സലുക്‌വാഡ്‌സെ: ഇത്തവണ പാരിസിലും ഇറങ്ങുന്നതോടെ ഏറ്റവും കൂടുതല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത താരമെന്ന സ്വന്തം റെക്കോഡ് ജോര്‍ജിയയുടെ നിനോ സലുക്‌വാഡ്‌സെയ്‌ക്ക് മെച്ചപ്പെടുത്താം. കരിയറില്‍ ഇതുവരെ 9 ഒളിമ്പിക്‌സുകളിലാണ് 55 കാരിയായ താരം പങ്കെടുത്തിട്ടുള്ളത്. 1988ലെ സിയോള്‍ ഒളിമ്പിക്‌സ് മുതല്‍ ലോക കായിക മാമാങ്ക വേദിയിലെ സ്ഥിര സാന്നിധ്യം കൂടിയാണ് ഈ താരം.
Also Read : റാങ്കിങ്ങില്‍ വമ്പൻ കുതിപ്പ്, ഫോമും തകര്‍പ്പൻ; ടെന്നീസില്‍ ഒളിമ്പിക് മെഡല്‍ കൊണ്ടുവരുമോ സുമിത്