മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് മലപ്പുറം എഫ്.സിയും തൃശൂര്‍ മാജികും തമ്മില്‍ ഏറ്റുമുട്ടും. ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 7.30ആണ് മത്സരം. ടൂര്‍ണമെന്‍റില്‍ നിലവില്‍ നാലാം സ്ഥാനത്താണ് മലപ്പുറം എഫ്.സി എന്നാല്‍ തൃശൂര്‍ അവസാന സ്ഥാനത്താണ് നില്‍ക്കുന്നത്.
ആദ്യ മത്സരത്തില്‍ ഫോഴ്‌സ കൊച്ചിയെ തോല്‍പ്പിച്ച് മുന്നേറിയ മലപ്പുറത്തിന് രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കാലിക്കറ്റ് എഫ്.സിയില്‍ നിന്ന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പിഴവുകള്‍ തിരുത്തി പോയിന്‍റില്‍ ഒരുപടി കയറാന്‍ സര്‍വ സന്നാഹങ്ങളുമായിട്ടാണ് മലപ്പുറം ഇന്നിറങ്ങുക. രണ്ടു മത്സരങ്ങളില്‍ നിന്നായി മൂന്ന് പോയിന്‍റാണ് മലപ്പുറത്തിനുള്ളത്.
എന്നാല്‍ ആദ്യ രണ്ടുകളികളില്‍ പരാജയപ്പെട്ട തൃശൂരിന്‍റെ നില പരുങ്ങലിലാണ്. ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചിട്ടില്ലെങ്കില്‍ ആദ്യ നാലില്‍ ഇടംപിടിക്കാന്‍ ടീമിന് കഴിയില്ല.സികെ വിനീതിന്‍റെ നേതൃത്വത്തിലുള്ള ടീം ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സുമായാണ് തോറ്റത്. തൃശൂരിന് ഇതുവരെ പോയിന്‍റ് ഒന്നും ലഭിച്ചിട്ടില്ല. തത്സമയ സംപ്രേഷണം സ്റ്റാർ സ്‌പോർട്‌സ് 1ൽ ലഭ്യമാണ്. വെബ്‌സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മിഡിൽ ഈസ്റ്റിൽ ഉള്ളവർക്ക് മനോരമ മാക്‌സിലും മഹീന്ദ്ര സൂപ്പർ ലീഗ് കേരള മത്സരങ്ങൾ കാണാം.
Also Read: ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ - Duleep Trophy tournament