ലണ്ടന്‍: യൂറോപ്പിലെ പ്രമുഖ ലീഗ് മത്സരങ്ങള്‍ക്ക് വീണ്ടും വിസില്‍ മുഴങ്ങുന്നു. സ്‌പാനിഷ് ലാലിഗയ്‌ക്ക് ഇന്നലെ തുടക്കമായി. അത്ലറ്റിക് ക്ലബും ഗറ്റാഫെയും തമ്മില്‍ നടന്ന ലാലിഗയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചു. ഇംഗണ്ടിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും ഫ്രാന്‍സിലെ ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പിനും ഇന്ന് തുടക്കമാകും. പ്രീമിയര്‍ ലീഗില്‍ ആദ്യ മത്സരം ഇന്ന് രാത്രി 12.30ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഫുൾഹാമും തമ്മില്‍ നടക്കും. ഇറ്റലിയിലെ സീരി എ ചാമ്പ്യന്‍ഷിപ്പിന് നാളെയും (ഓഗസ്റ്റ് 17) ജർമനിയിലെ ബുന്ദസ്‌ലിഗ സീസണ്‍ 23നു ആരംഭിക്കും.
പ്രീമിയര്‍ ലീഗില്‍ വര്‍ഷങ്ങളായി മുന്നിട്ട് നില്‍ക്കുന്ന സിറ്റിയുടെ കുതിപ്പിന് ഇത്തവണ മാറ്റമുണ്ടാകുമോ എന്നാണ് ഫുട്ബോള്‍ ലോകം നോക്കുന്നത്. ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍ എന്നീ ടീമുകളാണ് സിറ്റിക്ക് ഒത്ത എതിരാളികളായി കാണുന്നത്. തുടര്‍ച്ചയായി അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ മത്സരം ഞായറാഴ്‌ചയാണ്. ചെല്‍സിയാണ് എതിരാളി. 22 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്ന ഇപ്‌സ്‌വിച്ചും ലിസ്റ്ററും സതാംപ്‌ടണും ആണ് ഇത്തവണ ലീഗിലെ പുതിയ മുഖങ്ങള്‍.