മുംബൈ: സിംബാബ്‌വെ പര്യടനത്തിനായി ഇന്ത്യൻ ടീം ഇന്ന് (ജൂലൈ 2) പുലർച്ചെ പുറപ്പെട്ടു. പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 6ന് ഹരാരെ സ്‌പോർട്‌സ് ക്ലബ്ബില്‍ നടക്കും. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്.
അഭിഷേക് ശർമ്മ, മുകേഷ് കുമാർ, റുതുരാജ് ഗെയ്‌ക്‌വാദ്, ആവേശ് ഖാൻ, റിയാൻ പരാഗ് എന്നിവര്‍ സിംബാബ്‌വെയിലേക്ക് പുറപ്പെടുന്നതിന്‍റെ ചിത്രങ്ങള്‍ ബിസിസിഐ എക്‌സിലൂടെ പങ്കുവച്ചിട്ടുണ്ട്. മുന്‍ ക്രിക്കറ്റ് താരവും എൻസിഎ മേധാവിയുമായ വിവിഎസ് ലക്ഷ്‌മൺ ആണ് ഈ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ പരിശീലകൻ. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശുഭ്‌മാൻ ഗില്ലിന് കീഴിലാണ് ഇന്ത്യൻ യുവനിര പരമ്പരയ്‌ക്കിറങ്ങുന്നത്.
ടി20 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നവരില്‍ യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരും സിംബാബ്‌വെ പര്യടനത്തിനുണ്ട്. ലോകകപ്പ് റിസര്‍വ് താരങ്ങളായ ആവേശ് ഖാൻ, ഖലീല്‍ അഹമ്മദ്, റിങ്കു സിങ് എന്നിവരും പരമ്പരയില്‍ ഇന്ത്യയ്‌ക്കായി കളിക്കും.
— BCCI (@BCCI) July 1, 2024
ടി20 ലോകകപ്പ് 2024 ചാമ്പ്യൻമാരായ ഇന്ത്യയ്‌ക്ക് എതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്‌ക്കുള്ള ടീമിനെ സിംബാബ്‌വെ തിങ്കളാഴ്‌ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയെ നേരിടാന്‍ യുവ താരനിരയെയാണ് സിംബാബ്‌വെ ഇത്തവണ കളത്തിലിറക്കുന്നത്. ടീമിന്‍റെ ശരാശരി പ്രായം 27 വയസാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച 25കാരനായ ആന്‍റം നഖ്‌വിയെയും സിംബാബ്‌വെ ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാൻ ദമ്പതികള്‍ക്ക് ബെല്‍ജിയത്തില്‍ ജനിച്ച താരം സിംബാബ്‌വെയില്‍ പൗരത്വത്തിനായി അപേക്ഷ നല്‍കിയിരിക്കുകയാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചാല്‍ മാത്രമായിരിക്കും താരത്തിന് ഇന്ത്യ്‌ക്കെതിരെ കളിക്കാൻ സാധിക്കു.
ഇന്ത്യൻ ടി20 സ്ക്വാഡ്: ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ, റിങ്കു സിങ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിയാൻ പരാഗ്, വാഷിങ്ടണ്‍ സുന്ദർ, രവി ബിഷ്‌ണോയി, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്‌പാണ്ഡെ.
സിംബാബ്‌വെ ടി20 സ്‌ക്വാഡ്: സിക്കന്ദർ റാസ (ക്യാപ്റ്റൻ), ഫറസ് അക്രം, ബ്രയാൻ ബെന്നറ്റ്, ജോനാഥൻ ക്യാമ്പെല്‍, ടെൻഡായ് ചതാര, ലൂക്ക് ജോങ്‌വെ, ഇന്നസെന്‍റ് കൈയ, ക്ലൈവ് മദാന്ദേ, വെസ്ലി മധേവെര, തടിവാൻഷി മരുമണി, വെല്ലിങ്‌ടണ്‍ മസാക്കസ, ബ്രാൻഡൻ മാവുത്ത, ബ്ലെസിങ് മുസാരാബനി, ഡിയോണ്‍ മെയേഴ്‌സ്, ആന്‍റം നഖ്‌വി, റിച്ചാര്‍ എൻഗാരവ, മില്‍ട്ടണ്‍ ഷുംബ.
Also Read: ചുഴലിക്കാറ്റ് മൂലം ഫ്ലൈറ്റുകൾ റദ്ദാക്കി: ലോകകപ്പുമായി ബാർബഡോസില്‍ കുടുങ്ങി ഇന്ത്യന്‍ ടീം