ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുകയാണ്. ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് രോഹിത് ശര്‍മയുടെ ടീം ലക്ഷ്യം വയ്‌ക്കുന്നത്.
ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ കീഴടക്കിയത്. നാല് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍, നാല് ഓള്‍റൗണ്ടര്‍മാര്‍, മൂന്ന് പേസര്‍മാര്‍ എന്ന ഫോര്‍മേഷനിലായിരുന്നു ഇന്ത്യ അയര്‍ലന്‍ഡിനെതിരെ കളിച്ചത്. കരുത്തുറ്റ പാക് പേസ് നിരയ്‌ക്ക് എതിരെ ടീം ഫോര്‍മേഷനില്‍ മാറ്റത്തിന് സാധ്യതയുണ്ടെന്ന സൂചനയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയിരിക്കുന്നത്.
ഇതോടെ മലയാളി താരം സഞ്‌ജു സാംസണ് അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തുകയാണെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ കൂടിയാവും ഇന്ത്യ കളിപ്പിക്കുക. അങ്ങനെയെങ്കില്‍ യശസ്വി ജയ്സ്വാളോ സഞ്ജു സാംസണോ ആവും ടീമിലേക്ക് എത്തുക. ഇടങ്കയ്യന്‍ ബാറ്റര്‍ എന്ന നിലയില്‍ യശസ്വിയ്‌ക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ മധ്യനിരയിലേക്ക് ഒരു പവര്‍ഹിറ്ററെയാണ് വേണ്ടതെങ്കില്‍ സഞ്‌ജുവാകും ഇറങ്ങുക.
സഞ്‌ജു വേണം: ശിവം ദുബെയ്‌ക്ക് പകരം സഞ്‌ജുവിനെ കളിപ്പിക്കണമെന്ന് വാദിച്ച് ഇതിനകം തന്നെ നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ഇക്കുട്ടത്തിലുണ്ട്. ശിവം ദുബെ ബോള്‍ എറിയുന്നില്ലെങ്കില്‍ സഞ്‌ജുവിനെ ഇറക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
സഞ്‌ജു മികച്ച ഫോമിലാണ്. ദുബെയേക്കാള്‍ സാങ്കേതികയുള്ള താരമാണ് സഞ്‌ജുവെന്നുമാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍. അതേസമയം ടൂര്‍ണമെന്‍റിലെ ആദ്യ വിജയം ലക്ഷ്യം വച്ചാണ് പാകിസ്ഥാന്‍ എത്തുന്നത്. ആദ്യ മത്സരത്തില്‍ അമേരിക്കയോടായിരുന്നു ബാബര്‍ അസമിന്‍റെ ടീം അപ്രതീക്ഷ തോല്‍വി വഴങ്ങിയത്.
ALSO READ: 39ന് ഓള്‍ഔട്ട്...! ഉഗാണ്ടയെ എറിഞ്ഞിട്ട് വിന്‍ഡീസ്; ജയം 134 റണ്‍സിന് - West Indies vs Uganda Result
ഇന്ത്യയോടും കീഴടങ്ങിയാല്‍ സൂപ്പര്‍ എട്ടിലേക്കുള്ള യാത്ര കഠിനമാവുമെന്നിരിക്കെ ജീവന്‍മരണപ്പോരാട്ടത്തിനുറച്ചാവും പാക് ടീം ഇറങ്ങുകയെന്ന് വ്യക്തം. മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഓണ്‍ലൈനായി ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സെറ്റിലും കളി കാണാം.