ന്യൂഡല്‍ഹി: ടി20 ലോകകപ്പിനായി (T20 World Cup 2024 ) ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. മത്സരം മൊബൈലില്‍ സൗജന്യമായി കാണാം. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ (Disney+ Hotstar) ആണ് ടി20 ലോകകപ്പ് മത്സരങ്ങള്‍ തങ്ങളുടെ മൊബൈൽ ആപ്പിൽ സൗജന്യമായി ലൈവ് സ്ട്രീം ചെയ്യുന്നത്.
തങ്ങളുടെ യൂട്യൂബ് ചാനലില്‍ ടൂര്‍ണമെന്‍റിന്‍റെ പ്രൊമോ പങ്കുവച്ചുകൊണ്ടാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെബ്‌സൈറ്റ് വഴി മത്സരം കാണാന്‍ സബ്‌സ്‌ക്രിപ്‌ഷൻ വേണ്ടി വരും. നേരത്തെ, 2023-ല്‍ നടന്ന ഏഷ്യ കപ്പും ഏകദിന ലോകകപ്പും തങ്ങളുടെ മൊബൈൽ ആപ്പിലൂടെ സൗജന്യമായി തന്നെയായിരുന്നു ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നത്.
ജൂൺ 1 മുതൽ ജൂൺ 29 വരെ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ നടക്കുന്നത്. ഇന്ത്യ ഉള്‍പ്പടെ ആകെ 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പോരടിക്കാന്‍ ഇറങ്ങുന്നത്. ആകെയുള്ള ടീമുകളെ അഞ്ച് വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക ഘട്ടം അരങ്ങേറുക.
- " class="align-text-top noRightClick twitterSection" data="">
ഗ്രൂപ്പ് എയിലാണ് ഇന്ത്യ മത്സരിക്കാന്‍ ഇറങ്ങുന്നത്. ചിരവൈരികളായ പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, കാനഡ, ആതിഥേയരായ അമേരിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് ബിയിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഓസ്‌ട്രേലിയ, നമീബിയ, സ്കോട്ട്‌ലൻഡ്, ഒമാൻ എന്നിവരും ബി ഗ്രൂപ്പിന്‍റെ ഭാഗമാണ്.
ഗ്രൂപ്പ് സിയില്‍ ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്‌ഗാനിസ്ഥാന്‍, ഉഗാണ്ട, പാപുവ ന്യൂ ഗിനിയ എന്നിവര്‍ പോരിനിറങ്ങും. ഗ്രൂപ്പ് ഡിയില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലൻഡ്‌സ്, നേപ്പാൾ എന്നീ രാജ്യങ്ങളും കളിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് സൂപ്പര്‍ എട്ടിലേക്ക് കടക്കാം. തുടർന്ന് സെമിഫൈനലും ഫൈനലും നടക്കും. ആകെ 55 മത്സരങ്ങളാണ് ടൂര്‍ണമെന്‍റിലുള്ളത്.
ഇന്ത്യയുടെ മത്സരങ്ങള്‍ : ജൂണ്‍ അഞ്ചിനാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. അയര്‍ലന്‍ഡാണ് എതിരാളി. നാല് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ ഒമ്പതിന് ചിരവൈരികളായ പാകിസ്ഥാനെതിരെ നീലപ്പട കളിക്കാന്‍ ഇറങ്ങും (T20 WC India vs Pakistan). ജൂണ്‍ 12-ന് ആതിഥേയരായ അമേരിക്കയെ നേരിടുന്ന ടീം പിന്നീട് 15-ന് കാനഡയ്‌ക്ക് എതിരെയാണ് ഗ്രൂപ്പിലെ അവസാന മത്സരം കളിക്കുക.
ടൂര്‍ണമെന്‍റിനുള്ള പ്രാഥമിക സ്‌ക്വാഡ് പ്രഖ്യാപനത്തിനുള്ള അവസാന തീയതി ജൂണ്‍ ഒന്നാണ്. ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപനവും ഈ ദിവസം തന്നെയായിരിക്കും എന്നാണ് വിവരം. രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കീഴിലായിരിക്കും ഇന്ത്യ ടി20 ലോകകപ്പ് കളിക്കുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ അറിയിച്ചിരുന്നു. 10 വര്‍ഷങ്ങളിലേറെ നീളുന്ന ഐസിസി കീരട വരള്‍ച്ച അവസാനിപ്പിക്കാന്‍ നീലപ്പടയ്‌ക്ക് മുന്നിലുള്ള മറ്റൊരു അവസരമാണിത്.