പാരിസ് : ഒളിമ്പിക്‌സ് 50 മീറ്റര്‍ റെെഫിള്‍ 3 പൊസിഷന്‍സില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി പൂന സ്വദേശിയായ സ്വപ്‌നില്‍ സുരേഷ് കുസാലെ. സ്വപ്‌നില്‍ കാഞ്ചിവലിച്ചത് ചരിത്ര നേട്ടത്തിലേക്കായിരുന്നു. ഈ ഇനത്തില്‍ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാകും സ്വപ്‌നില്‍ സുരേഷ്. 451.4 പോയിന്‍റുകളാണ് താരത്തിന് ലഭിച്ചത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലാണ് ഇതിന് മുമ്പ് ഈ ഇനത്തില്‍ ഇന്ത്യന്‍ താരം ഫൈനലിലെത്തിയത്.
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ കരിയര്‍ യാത്രയ്ക്ക് സമാനമാണ് കുസാലെയുടെ കഥയും. ധോണിയെപ്പോലെ കുസാലെയും സെൻട്രൽ റെയിൽവേയിൽ ടിക്കറ്റ് കലക്‌ടറായി ജോലി ചെയ്‌തു. പൂനെ ഡിവിഷനിൽ ടിക്കറ്റ് കലക്‌ടറായി ജോലി ചെയ്യുന്നതിനിടെയാണ് ആദ്യ ഒളിമ്പിക്‌സിലെ മെഡൽ നേട്ടം. എം എസ് ധോണി തന്‍റെ കരിയറിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് താരം മുന്‍പ് പറഞ്ഞിട്ടുണ്ട്.
ഫുട്ബോള്‍ പ്രേമികളുടെ നാടായ മഹാരാഷ്ട്രയിലെ കോലാപൂർ സ്വദേശിയാണ് 29കാരനായ സ്വപ്‌നില്‍. കോലാപൂരിലെ എല്ലാ ഗ്രാമങ്ങളിലും കുറഞ്ഞത് ഒരു ഫുട്ബോള്‍ കളിക്കാരനെങ്കിലുമുണ്ട്. എന്നാല്‍ പതിവിന് വിപരീതമായിട്ടായിരുന്നു സ്വപ്‌നില്‍ സഞ്ചരിച്ചത്. ഷൂട്ടിങ്ങിനോട് ഇഷ്‌ട് തോന്നിയതോടെ പരിശീലനത്തിനായി നാസിക്കിലേക്ക് പോയി.
സ്‌കൂളിൽ പോകുകയും വൈകുന്നേരം പരിശീലനം നടത്തുകയും ചെയ്‌തു. 2009ൽ പിതാവ് കായിക പ്രബോധിനി എന്ന പ്രാഥമിക കായിക പരിപാടിയിൽ ചേർത്തതോടെയാണ് സ്വപ്‌നിലിന്‍റെ ഷൂട്ടിങ്ങിലേക്കുള്ള യാത്ര ആരംഭിച്ചത്. 2008ൽ ബെയ്‌ജിങ്ങിൽ അഭിനവ് ബിന്ദ്ര സ്വർണം വാങ്ങുന്നത് കാണാൻ സ്വപ്‌നില്‍ 12-ാം ക്ലാസ് പരീക്ഷകൾ മുടക്കിയിരുന്നു. കരിയറിന്‍റെ തുടക്കത്തില്‍ 10 മീറ്റർ എയർ റൈഫിളിൽ മത്സരിച്ചിരുന്ന സ്വപ്‌നിൽ പിന്നീടാണ് 50 മീറ്റർ 3 പി ഇനത്തിലേക്കു മാറുന്നത്.
2013ൽ ലക്ഷ്യ സ്‌പോർട്‌സിൽ നിന്ന് സ്‌പോൺസർഷിപ്പ് ലഭിച്ചു. 2015ൽ കുവൈത്തിൽ നടന്ന ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ റൈഫിൾ പ്രോൺ 3 ഇനത്തിൽ താരം സ്വർണം നേടിയിരുന്നു. 2021 ൽ ഡൽഹിയിൽ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ ടീം ഇനത്തിൽ സ്വർണം നേടി. 2022 ൽ ഈജിപ്‌തിലെ കെയ്റോയിൽ നടന്ന ലോക ചാംപ്യൻഷിപ്പില്‍ ടീം ഇനത്തിൽ വെങ്കലം ലഭിച്ചു. 2022 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ടീമിനത്തിൽ സ്വർണവും നേടി.