ബാര്‍ബഡോസ്: 'ക്യാച്ചസ് വിൻ മാച്ചസ്' ക്രിക്കറ്റില്‍ പലപ്പോഴായി കേട്ടിട്ടുള്ള ഒരു പദപ്രയോഗം. ഈ വാക്കിന്‍റെ അര്‍ഥം എന്തെന്ന് ക്രിക്കറ്റ് ആരാധകര്‍ക്ക് വീണ്ടും കാട്ടിക്കൊടുക്കുകയായിരുന്നു ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലില്‍ നിന്നും സൂര്യകുമാര്‍ യാദവ്. 'കില്ലര്‍ മില്ലര്‍' എന്ന വിശേഷണമുള്ള ദക്ഷിണാഫ്രിക്കയുടെ ഇടം കയ്യൻ ബാറ്ററെ ബൗണ്ടറി ലൈനില്‍ നിന്നും സൂര്യ പറന്നുപിടിച്ചില്ലായിരുന്നുവെങ്കില്‍ ടി20 ലോകകപ്പ് ഫൈനലിന്‍റെ വിധി ഒരുപക്ഷെ മറ്റൊന്നായേനെ.
ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ കിരീട വരള്‍ച്ച അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി20 ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇറങ്ങിയത്. മത്സരത്തില്‍ ടോസ് നേടിയ പാടെ ഇന്ത്യൻ നായകൻ രോഹിത് ബാറ്റിങ് തെരഞ്ഞെടുത്തതും ആ കാരണം തന്നെ. എന്നാല്‍, പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല ഇന്ത്യയുടെ തുടക്കം.
ക്യാപ്റ്റൻ രോഹിത് ശര്‍മ, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം അതിവേഗം കൂടാരം കയറി. ഇതോടെ, ടീം തകരുമെന്ന് പലരും കരുതിയെങ്കിലും ടൂര്‍ണമെന്‍റില്‍ ഉടനീളം നിറം മങ്ങിയ വിരാട് കോലി (76) നിര്‍ണായക സമയത്ത് ഇന്ത്യയുടെ രക്ഷകനായി അവതരിച്ചു. ഓപ്പം അക്‌സര്‍ പട്ടേലും (47) ശിവം ദുബെയും (27) കോലിയ്‌ക്കൊപ്പം കൂടി. ഇവരുടെ ബാറ്റിങ് പ്രകടനങ്ങളുടെ കരുത്തില്‍ 176 എന്ന ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ഇന്ത്യ അടിച്ചെടുത്തു.
177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കം തന്നെ പതറി. രണ്ടാം ഓവറില്‍ ഓപ്പണര്‍ റീസ ഹെൻഡ്രിക്‌സ് (4) ജസ്‌പ്രീത് ബുംറയ്‌ക്ക് മുന്നില്‍ വീണു. അടുത്ത ഓവറില്‍ നായകൻ എയ്‌ഡൻ മാര്‍ക്രം (4) അര്‍ഷ്‌ദീപിന്‍റെ പന്തില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങി. 2.3 ഓവറില്‍ 12-2 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക വീണു.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്വിന്‍റണ്‍ ഡി കോക്ക് ട്രിസ്റ്റണ്‍ സ്റ്റബ്‌സ് സഖ്യം ടീമിന്‍റെ സ്കോര്‍ ഉയര്‍ത്തി. കരുതലോടെ കളിച്ച ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 50 കടത്തി. കൂടാതെ, 50 റണ്‍സിന്‍റെ പാര്‍ട്‌ണര്‍ഷിപ്പും.
ദക്ഷിണാഫ്രിക്കൻ സ്കോര്‍ 70ല്‍ നില്‍ക്കെ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ (31) ക്ലീൻ ബൗള്‍ഡാക്കിക്കൊണ്ട് അക്‌സര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വന്ന ക്ലാസൻ - ഡി കോക്കിനൊപ്പം പ്രോട്ടീസ് സ്കോര്‍ ഉയര്‍ത്തി. 12-ാം ഓവറില്‍ ദക്ഷിണാഫ്രിക്ക 100 കടന്നു.
പിന്നാലെ തന്നെ ക്വിന്‍റണ്‍ ഡി കോക്കിനെ (39) പുറത്താക്കി അര്‍ഷ്‌ദീപ് സിങ് ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെയാണ് ഡേവിഡ് മില്ലര്‍ ക്രീസിലേക്കെത്തിയത്. ഇതോടെ, ദക്ഷിണാഫ്രിക്കൻ സ്കോറിങ്ങിന്‍റെ മട്ടും ഭാവവും മാറി.
ഹെൻറിച്ച് ക്ലാസൻ തകര്‍ത്തടിച്ചു. പ്രോട്ടീസ് സ്കോര്‍ അതിവേഗം ഉയര്‍ന്നു. മറുവശത്ത്, ക്ലാസന് പിന്തുണയുമായി മില്ലറും.
15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 147-4 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. 27 പന്തില്‍ 52 റണ്‍സ് നേടിയ ഹെൻറിച്ച് ക്ലാസനെ 17-ാം ഓവറില്‍ ഹാര്‍ദിക് വീഴത്തിയതോടെ കളി തിരിഞ്ഞു. അവസാന മൂന്ന് ഓവറില്‍ 22 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.
ജസ്പ്രീത് ബുംറയുടെ 18-ാം ഓവറില്‍ മാര്‍കോ യാൻസനെ ദക്ഷിണാഫ്രിക്കയ്‌ക്ക് നഷ്‌ടമായി. 19-ാം ഓവറില്‍ അര്‍ഷ്‌ദീപ് വിട്ടുകൊടുത്തത് നാല് റണ്‍സ്. മത്സരം അവസാന ഓവറിലേക്ക്.
അവസാന ആറ് പന്തില്‍ 16 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടിയിരുന്നത്. കരുത്തരായ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയായി ക്രീസില്‍ ഉണ്ടായിരുന്നത് ഡേവിഡ് മില്ലര്‍ എന്ന ബിഗ് ഹിറ്റര്‍.
Also Read : 11 വർഷത്തെകാത്തിരിപ്പിന് വിരാമം; ലോക കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ - T20 WC 2024 IND vs SA Result
ഔട്ട്‌സൈഡ് ഓഫില്‍ വന്ന ഹാര്‍ദിക്കിന്‍റെ ഫുള്‍ടോസ് സിക്‌സിന് തൂക്കാനായിരുന്നു മില്ലറുടെ ശ്രമം. പന്ത് കൃത്യമായി തന്നെ കണക്ട് ചെയ്യിക്കാനും താരത്തിനായി. ലോങ് ഓഫിലൂടെ പന്ത് അതിര്‍ത്തി കടക്കുമെന്ന് വിചാരിച്ച് ആരാധകര്‍ തലയില്‍ കൈവച്ച നിമിഷമായിരുന്നു അത്. എന്നാല്‍, പന്തിനെ ലക്ഷ്യമാക്കിയോടിയെത്തിയ സൂര്യകുമാര്‍ യാദവ് അവിശ്വസനീയമാം വിധം പന്ത് കൈപ്പിടിയിലൊതുക്കി.
സൂര്യയുടെ സൂപ്പര്‍ ക്യാച്ചില്‍ കളിയുടെ നിയന്ത്രണം പൂര്‍ണമായി ഇന്ത്യയുടെ നിയന്ത്രണത്തിലായി. അവസാന അഞ്ച് പന്തും ഹാര്‍ദിക് പാണ്ഡ്യ കൃത്യതയോടെ എറിഞ്ഞു. ഇതോടെ, ദക്ഷിണാഫ്രിക്കൻ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.