മുംബൈ : ടി20 ലോകകപ്പിനുള്ള (T20 World Cup 2024) ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയ്‌ക്ക് (Virat Kohli) ഇടമില്ലെന്ന റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട ചര്‍ച്ച നീളുകയാണ്. ടി20 ലോകകപ്പ് നടക്കുന്ന അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും സ്ലോ പിച്ചുകള്‍ നിലയുറപ്പിച്ച ശേഷം ആക്രമിക്കുന്ന കോലിയുടെ ശൈലി യോജിച്ചതല്ലെന്ന വിലയിരുത്തലിലാണ് താരത്തെ മാറ്റി നിര്‍ത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് 35-കാരനെ ശക്തമായി പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്‌മിത്ത് (Steve Smith). എല്ലാ പിച്ചുകളിലും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കേണ്ടതില്ല. സാഹചര്യത്തിന് അനുസരിച്ചാണ് ബാറ്റ് ചെയ്യേണ്ടത്. കോലി അത്തരത്തിലൊരു താരമാണെന്നുമാണ് സ്‌മിത്ത് പറയുന്നത്.
"വിരാട് കോലി സാഹചര്യത്തിന് അനുസരിച്ച് കളിക്കുന്ന താരമാണ്. ചില വിക്കറ്റുകളില്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കണമെന്നില്ല. അവിടെ സാഹചര്യം എന്താണോ അതിന് അനുസരിച്ചാണ് ബാറ്റ് വീശേണ്ടത്. മാസ്റ്റര്‍ ക്ലാസ് ഇന്നിങ്‌സ് കളിച്ച് അപകട ഘട്ടത്തില്‍ ടീമിന് തുണയാവുന്ന കോലിയെ നമ്മള്‍ പലതവണ കണ്ടിട്ടുണ്ട്.
ഇന്ത്യയ്‌ക്കായും ആര്‍സിബിയ്‌ക്കായും അദ്ദേഹം അത്തരം പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നിരവധി തവണ അദ്ദേഹം ഇത് ചെയ്‌തപ്പോള്‍ എതിര്‍ നിരയില്‍ ഞാനുമുണ്ടായിരുന്നു" - സ്‌മിത്ത് പറഞ്ഞു.
സമ്മര്‍ദ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാവുന്നതിനാല്‍ കോലി ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളിക്കുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു. "സമ്മർദ സാഹചര്യങ്ങളില്‍ കോലിയ്‌ക്ക് വളരെ നന്നായി കളിക്കാന്‍ കഴിയുമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതവന്‍ ഏറെ ഇഷ്‌ടപ്പെടുന്നുണ്ട്.
ലോകകപ്പ് പോലെയുള്ള ഒരു വേദിയില്‍ അത്തരമൊരു കളിക്കാരനെയാണ് നിങ്ങള്‍ക്ക് വേണ്ടത്. ഏറെ അനുഭവ സമ്പത്തുള്ള കോലി അത്തരമൊരു കളിക്കാരനാണ്" സ്‌മിത്ത് പറഞ്ഞുനിര്‍ത്തി. ഐപിഎല്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കിടെയാണ് സ്‌മിത്തിന്‍റെ പ്രതികരണം. കളിക്കാരനായല്ലെങ്കിലും കമന്‍ററിയുമായി ബന്ധപ്പെട്ട് ഐപിഎല്ലിന്‍റെ (IPL 2024) ഭാഗമായി ഇക്കുറി 34-കാരനുമുണ്ട്.
അതേസമയം കോലിയെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തഴയുന്നതിന് പിന്നില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണെന്ന് ആരോപിച്ച് നേരത്തെ ഇന്ത്യയുടെ മുന്‍ താരം കീര്‍ത്തി ആസാദ് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) കോലിയെ ശക്തമായി പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഐപിഎല്ലിന് പിന്നാലെ ജൂണ്‍ ഒന്ന് മുതല്‍ 29 വരെയാണ് ടി20 ലോകകപ്പ് നടക്കുക. ഇന്ത്യയുള്‍പ്പടെ ആകെ 20 ടീമുകളാണ് പോരിനിറങ്ങുന്നത്. പ്രാഥമിക ഘട്ടത്തില്‍ ചിരവൈരികളായ പാകിസ്ഥാന്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. അയര്‍ലന്‍ഡ്, അമേരിക്ക, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.