തിരുവനന്തപുരം: സര്‍ക്കാര്‍ നിശ്ചയിച്ച സ്വീകരണ പരിപാടി മാറ്റിയത് അറിയാതെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പി.ആര്‍ ശ്രീജേഷ് തിരുവനന്തപുരത്ത്. വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടറായ ശ്രീജേഷിനുള്‍പ്പെടെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാകള്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ നിയമനോത്തരവ് നല്‍കുന്ന ചടങ്ങ് മാറ്റിയത് അധികൃതര്‍ തീരുമാനിക്കുന്നത് ശനിയാഴ്ച രാത്രിയാണ്. എന്നാല്‍ ഇതു കൃത്യമായി അറിയിക്കാത്തതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ കായിക താരം കുടുംബസമേതമാണ് തലസ്ഥാനത്ത് എത്തിയത്.
വിദ്യാഭ്യാസ വകുപ്പായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കായിക വകുപ്പിനാണ് ഒളിമ്പിക് മെഡല്‍ ജേതാവിന് സ്വീകരണം നല്‍കേണ്ട ചുമതലയെന്ന കായിക വകുപ്പിന്‍റെ നിലപാടിന് പിന്നാലെയാണ് സര്‍ക്കാര്‍ പരിപാടി ഒഴിവാക്കിയത്. സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നും ഇന്ന് നാട്ടിലേക്ക് മടങ്ങുമെന്നും പി.ആര്‍ ശ്രീജേഷ് പറഞ്ഞു. 24 നായിരുന്നു പരിപാടി ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സൗകര്യം കണക്കിലെടുത്ത് ഓഗസ്റ്റ് 26 ലേക്ക് മാറ്റുകയായിരുന്നു. ചടങ്ങിന്‍റെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകളും പരിപാടി നടക്കുന്ന ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.
പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നു വിദ്യാര്‍ത്ഥികള്‍, കായിക പ്രേമികള്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ഘോഷയാത്രയും നിശ്ചയിച്ചിരുന്നു. എന്നാല്‍ പരിപാടി ആരു നടത്തണമെന്ന അവകാശവാദങ്ങള്‍ക്ക് പിന്നാലെ ചടങ്ങ് മാറ്റിവെയ്ക്കുകയായിരുന്നു. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടെന്നും സൂചനയുണ്ട്.
Also Read: ഐപിഎൽ 2025: കൊല്‍ക്കത്തയുടെ പുതിയ നായകനായി മുംബൈ താരമോ..! - Indian premier league 2025