മുംബൈ: വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് 10 വര്‍ഷത്തിലേറെയായി നീളുകയാണ്. 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം മറ്റൊരു ഐസിസി കിരീടം നേടാന്‍ നീലപ്പടയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടെ സ്വന്തം മണ്ണില്‍ അരങ്ങേറിയ ഏകദിന ലോകകപ്പിലടക്കം പലതവണയാണ് ചുണ്ടകലത്തില്‍ർ ഇന്ത്യയ്‌ക്ക് കിരീടം നഷ്‌ടമായത്.
ഇനി ഈ വര്‍ഷം ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പാണ് (T20 World Cup 2024) ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കീഴിലാവും ടൂര്‍ണമെന്‍റിന് ഇന്ത്യ ഇറങ്ങുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ (BCCI secretary Jay Shah) ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ തലേന്നായിരുന്നു ജയ് ഷാ ഇതു സംബന്ധിച്ച് പ്രതികരിച്ചത്.
രോഹിത്തിനും സംഘത്തിനും കപ്പടിക്കാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. "2023 ഏകദിന ലോകകപ്പിന്‍റെ ഫൈനലിൽ ഇന്ത്യന്‍ ടീം തോറ്റിരിക്കാം. എന്നാൽ തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ച് എല്ലാവരുടേയും ഹൃദയം കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബാർബഡോസിൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 2024-ലെ ടി20 ലോകകപ്പ് ഉയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്" എന്നായിരുന്നു ജയ് ഷാ പറഞ്ഞത്.
നേരത്തെ, 2022-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിയ്‌ക്ക് ശേഷം ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കായി ഹിറ്റ്‌മാന്‍ കളത്തില്‍ ഇറങ്ങിയിരുന്നില്ല. ഇതോടെ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യന്‍ ടി20 ടീമിന്‍റെ ചുമത വഹിച്ചിരുന്നു. പാണ്ഡ്യയ്‌ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിന് കീഴിലും നീലപ്പട കളിക്കാന്‍ ഇറങ്ങി.
എന്നാല്‍ ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ട് കഴിഞ്ഞ ജനുവരിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെയാണ് ബിസിസിഐ സെലക്‌ടര്‍മാര്‍ രോഹിത് ശര്‍മയെ ഫോര്‍മാറ്റിലേക്ക് തിരികെ എത്തിച്ചത്. ഇപ്പോഴിതാ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള ചുമതല രോഹിത്തിനെ ഏല്‍പ്പിച്ച തീരുമാനത്തെ അകമഴിഞ്ഞ് പിന്തുണച്ചിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി (Sourav Ganguly).
ടി20 ലോകകപ്പിൽ ഇന്ത്യന്‍ ക്യാപ്റ്റനായുള്ള രോഹിത്തിന്‍റെ തിരഞ്ഞെടുപ്പ് ഏറെ മികച്ചതാണെന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. ടീമിനെ മുന്നില്‍ നിന്നുതന്നെ നയിക്കാന്‍ തനിക്ക് കഴിയുമെന്ന് കഴിഞ്ഞ ഏകദിന ലോകകപ്പിലൂടെ രോഹിത് നമുക്ക് കാട്ടിത്തന്നിട്ടുണ്ടെന്നും ബിസിസിഐയുടെ മുന്‍ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി പറഞ്ഞു.
"ടി20 ലോകകപ്പില്‍ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിലുള്ള രോഹിത് ശര്‍മയുടെ തിരഞ്ഞെടുപ്പ് ശരിയായതാണ്. അദ്ദേഹം കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ച രീതി നമ്മള്‍ക്ക് അത്രപെട്ടന്ന് മറക്കാന്‍ കഴിയില്ല. തുടര്‍ച്ചയായ 10 മത്സരങ്ങളിലായിരുന്നു ഇന്ത്യ വിജയം നേടിയത്. അതിനാൽ, ടി20 ലോകകപ്പിന്‍റെ കാര്യത്തിലും രോഹിത് തന്നെയായിരുന്നു ബെസ്റ്റ് മികച്ച ചോയ്‌സ്" ഗാംഗുലി പറഞ്ഞു.