മുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനൊപ്പം തന്നെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) കരിയറും കൊണ്ടുപോകാമെന്ന് യുവതാരങ്ങളെ ഓര്‍മ്മിപ്പിച്ച് ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി (Sourav Ganguly). ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിട്ടുനിന്നതിന്‍റെ പശ്ചാത്തലത്തില്‍ ശ്രേയസ് അയ്യർക്കും (Shreyas Iyer) ഇഷാൻ കിഷനും (Ishan Kishan) ബിസിസിഐ കേന്ദ്ര കരാർ ( BCCI central contracts) നഷ്‌ടമായതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടെയാണ് മുന്‍ ബിസിസിഐ പ്രസിഡന്‍റ് കൂടിയായ ഗാംഗുലിയുടെ പ്രതികരണം. ഇപ്പോഴുള്ള കളിക്കാരില്‍ രോഹിത് ശര്‍മയും (Rohit Sharma) വിരാട് കോലിയും (Virat Kohli) ഉള്‍പ്പെടെയുള്ളവര്‍ റെഡ്‌ബോള്‍ ക്രിക്കറ്റും വൈറ്റ് ബോള്‍ ക്രിക്കറ്റും ഒരു പോലെയാണ് കൊണ്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"എല്ലാവര്‍ക്കും റെഡ് ബോളും വൈറ്റ് ബോളും കളിക്കാൻ കഴിയും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് ഇറങ്ങുന്നതിനൊപ്പം തന്നെ ഐപിഎൽ കരിയറും മുന്നോട്ടു കൊണ്ടുപോകാം. അതില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാവാനിടയില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ അവസാനിച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഒരു താരം രണ്ടും കളിക്കുന്നതില്‍ ഞാന്‍ ഒരു പ്രശ്‌നവും കാണുന്നില്ല" - ഗാംഗുലി പറഞ്ഞു.
തന്‍റെ കാലത്ത് താനും സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡും സമാനമായി തന്നെയായിരുന്നു രണ്ട് ഫോര്‍മാറ്റുകളിലും കളിച്ചിരുന്നതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. "മികച്ച നിലവാരമുള്ള നിരവധി കളിക്കാർ ടെസ്റ്റ് ക്രിക്കറ്റും വൈറ്റ്-ബോൾ ക്രിക്കറ്റും കളിക്കുന്നുണ്ട്. ഇന്ത്യന്‍ നിരയില്‍ നിന്നും കോലി, രോഹിത്, ബുംറ, കെഎൽ രാഹുൽ, റിഷഭ് പന്ത് എന്നിവര്‍ അതിന് ഉദാഹരണമാണ്.
അന്താരാഷ്‌ട്ര തലത്തില്‍ മറ്റ് ടീമുകളെ നോക്കുമ്പോള്‍ മിച്ചല്‍ മാര്‍ഷുണ്ട്. അദ്ദേഹം ഓസ്‌ട്രേലിയയുടെ പ്രീമിയർ റെഡ് ബോൾ കളിക്കാരനാണ്. ഇപ്പോള്‍ ടി20 ടീമില്‍ പ്രധാനിയാണ് അദ്ദേഹം.
ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്കും റെഡ് ബോൾ ക്രിക്കറ്റ് കളിക്കുന്നു. ഡേവിഡ് വാർണർ വളരെയധികം ടെസ്റ്റുകള്‍ കളിച്ചു. അദ്ദേഹം ഏറ്റവും മികച്ച വൈറ്റ്-ബോൾ കളിക്കാരിൽ ഒരാളായിരുന്നു. എന്‍റെ കാലത്തും സച്ചിനും രാഹുലും ഞാനും ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു, പിന്നെ വൈറ്റ് ബോൾ ക്രിക്കറ്റിലും ഞങ്ങള്‍ ഇറങ്ങിയിരുന്നു. അതിനാല്‍ ഒന്നിനൊപ്പം മറ്റൊന്ന് കളിക്കാന്‍ കഴിയില്ലെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതില്‍ ഒരു അര്‍ത്ഥവുമില്ല" - അദ്ദേഹം വ്യക്തമാക്കി.
ALSO READ: ജുറെലിന് എന്നല്ല, ആര്‍ക്കും ധോണിയാകാന്‍ കഴിയില്ല; വിശദീകരണവുമായി ഗവാസ്‌കര്‍
അതേസമയം കരാറുള്ള താരങ്ങള്‍ ആഭ്യന്ത ക്രിക്കറ്റിന് ഇറങ്ങണമെന്ന ബിസിസിഐ നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇഷാനും ശ്രേയസും ഇതു ചെവിക്കൊണ്ടിരുന്നില്ല. ഇതോടെ ഇരുവരേയും ഒഴിവാക്കിയാണ് ബിസിസിഐ പുതിയ കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എ പ്ലസ്, എ, ബി, സി എന്നീ ഗ്രേഡുകളലായി ആകെ 30 കളിക്കാരാണ് കരാര്‍ പട്ടികയിലുള്ളത്.