കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിലെ (India vs England Ranchi Test) വീരോചിത പ്രകടനത്തിന് പിന്നാലെ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ (Dhruv Jurel) ഇതിഹാസ താരം എംഎസ് ധോണിയുമായി (MS Dhoni ) പലരും താരതമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ അതിന് ആയിട്ടില്ലെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലി (Sourav Ganguly). ഇരുവരും തമ്മില്‍ ചില സമാനതകളുണ്ടെങ്കിലും ധോണി ഇപ്പോഴത്തെ ധോണി ആയത് വര്‍ഷങ്ങള്‍ കൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്.
ജുറെലിനെ ഇപ്പോള്‍ കളിക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ഗാംഗുലി പറഞ്ഞു. "ധ്രുവ് ജുറെല്‍, സമ്മര്‍ദ സാഹചര്യത്തില്‍ പ്രയാസമുള്ള ഒരു വിക്കറ്റില്‍ മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്. അവനില്‍ വലിയ പ്രതിഭയുണ്ട്.
എന്നാല്‍ എംസ് ധോണി ഏറെ വ്യത്യസ്‌തനാണ്. ജുറെലിന് കഴിവുണ്ട് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ ധോണിയ്‌ക്ക് ധോണിയാവന്‍ 20 വര്‍ഷങ്ങളങ്ങളോളം വേണ്ടി വന്നു. അതല്ലെങ്കില്‍ 15 വര്‍ഷങ്ങളെങ്കിലും ധോണിയ്‌ക്ക് ധോണിയാവാന്‍ ആവശ്യമായി വന്നു.
അതിനാല്‍ തന്നെ ജുറെലിനെ ഇപ്പോള്‍ കളിക്കാന്‍ അനുവദിക്കൂ. സ്‌പിന്നിനെതിരെ ആയാലും പേസിനെതിരെ ആയാലും സമ്മര്‍ദ സാഹചര്യത്തില്‍ മികച്ച രീതിയില്‍ കളിക്കാന്‍ ജുറെലിന് കഴിവുണ്ട്. ഒരു യുവ താരത്തില്‍ നമുക്ക് വേണ്ട കാര്യമാണത്" സൗരവ് ഗാംഗുലി പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടായിരുന്നു ഇന്ത്യയുടെ മുന്‍ നായകന്‍റെ പ്രതികരണം.
അതേസമയം ജുറെലിനെ എംഎസ് ധോണിയോട് ഉപമിച്ച് ആദ്യം രംഗത്ത് എത്തിയവരില്‍ ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുമുണ്ടായിരുന്നു. ജുറെലിന്‍റെ മനസാന്നിധ്യം കാണുമ്പോൾ അടുത്ത എംഎസ് ധോണിയാണ് എന്നാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു ഗവാസ്‌കറുടെ (Sunil Gavaskar) വാക്കുകള്‍. എന്നാല്‍ പിന്നീട് തന്‍റെ വാക്കുകളില്‍ വിശദീകരണവുമായി 74-കാരന്‍ തന്നെ രംഗത്ത് എത്തി.
ഇനി മറ്റൊരു ധോണി ഉണ്ടാകില്ല. ധോണിയ്‌ക്ക് തുല്യം ധോണി മാത്രമാണ് എന്നുമായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്. ഇന്ത്യയ്‌ക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിത്തന്നിട്ടുള്ള ധോണി, തന്റെ കരിയറില്‍ ചെയ്‌തിട്ടുള്ളതില്‍ ഒരു ചെറിയ ഭാഗം ജുറെലിന് ചെയ്യാൻ കഴിയുമെങ്കിൽ ഇന്ത്യയ്‌ക്ക് അതു ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റാഞ്ചി ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തിന് കയ്യടി നേടാന്‍ 23-കാരനായ ധ്രുവ് ജുറെലിന് കഴിഞ്ഞിരുന്നു. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ട സമയത്ത് ജുറെല്‍ നടത്തിയ പോരാട്ടമാണ് ടീമിനെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് സെഞ്ചുറിയേക്കാള്‍ വിലയുള്ള 90 റണ്‍സായിരുന്നു താരം നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം അപരാജിതനായി നിന്ന് ആതിഥേയരുടെ വിജയം ഉറപ്പിക്കാനും ധ്രുവ് ജുറെലിന് കഴിഞ്ഞിരുന്നു.