മുംബൈ : വിരാട് കോലിയുടെ പ്രകടനങ്ങളെ വിമര്‍ശിച്ചതിന് തനിക്ക് വധഭീഷണി നേരിടേണ്ടി വന്നതായി ന്യൂസിലന്‍ഡ് മുൻ താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൗള്‍. ടി20 ഫോര്‍മാറ്റില്‍ വിരാട് കോലിയുടെ സ്ട്രൈക്ക് റേറ്റിനെ വിമര്‍ശിച്ചതിനാണ് തനിക്ക് വധിഭീഷണി ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിക്ബസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം സൈമണ്‍ ഡൗള്‍ വെളിപ്പെടുത്തിയത്.
ഐപിഎല്‍ പതിനേഴാം പതിപ്പിന്‍റെ ആദ്യ പകുതിയില്‍ വിരാട് കോലിയുടെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ചവരില്‍ ഒരാളാണ് സൈമണ്‍ ഡൗളും. ആര്‍സിബിയും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും തമ്മിലേറ്റുമുട്ടിയ മത്സരത്തില്‍ 42 പന്തില്‍ നിന്നും 50ലേക്ക് എത്താൻ വിരാട് കോലി 10 പന്തുകള്‍ നേരിട്ടിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ഡൗള്‍ അന്ന് വിമര്‍ശനം ഉന്നയിച്ചത്. ഇക്കാര്യമായിരുന്നു ആരാധകരെയും ചൊടിപ്പിച്ചത്.
'വിരാട് വളരെ മികച്ച ഒരു താരമാണ്. അദ്ദേഹത്തിന് ഇനിയും കൂടുതല്‍ ആധിപത്യം സ്ഥാപിക്കാൻ സാധിക്കും. എന്നാല്‍, പഴയകാല അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ അവന് പുറത്തുപോകാൻ ഭയമാണ്.
ഈ കാരണം കൊണ്ടായിരുന്നു ഞാൻ കോലിയുടെ സ്ട്രൈക്ക് റേറ്റിനെ ചൂണ്ടിക്കാണിച്ചത്. ബാബര്‍ അസമിനെ കുറിച്ചും സമാനമായ കാര്യങ്ങള്‍ ഞാൻ സംസാരിച്ചിട്ടുണ്ട്. തന്‍റെ പരിശീലകരും ഇതേ കാര്യം തന്നോട് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് ബാബര്‍ പറഞ്ഞത്.
ഇപ്പോള്‍ ടി20 ഫോര്‍മാറ്റിന്‍റെ വേഗം കൂടിയിട്ടുണ്ട്. 130-135 സ്ട്രൈക്ക് റേറ്റ് ഇന്നത്തെ കാലത്ത് ക്രിക്കറ്റിന്‍റെ ഈ കുട്ടിഫോര്‍മാറ്റിന് ചേര്‍ന്നതല്ല. പുറത്താകുന്നതിനെ കുറിച്ച് ഭയപ്പെടാതെ വേണം വിരാട് ഈ ഫോര്‍മാറ്റില്‍ കളിക്കേണ്ടത്.
ഈ കാര്യം മാത്രമാണ് ഞാൻ ചൂണ്ടിക്കാണിച്ചത്. അല്ലാതെ, മറ്റൊന്നുമായിരുന്നില്ല. ഇതിന്‍റെ പേരിലാണ് എനിക്ക് വധഭീഷണികളും നേരിടേണ്ടി വന്നത്.
ഇക്കാര്യത്തില്‍ വ്യക്തിപരമായി എനിക്ക് വിരാട് കോലിയോട് യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളുമില്ല. സൗഹൃദപരമായ ബന്ധമാണ് കോലിയുമായി ഇപ്പോഴുമുള്ളത്. മുന്‍പ് വിരാടിന്‍റെ സ്ഥിരതയേയും സ്‌കില്ലിനെയും ഒരുപാട് തവണ പ്രശംസിച്ചിട്ടുണ്ടെങ്കിലും ആരാധകര്‍ കൂടുതല്‍ ശ്രദ്ധിച്ചത് ആ ഒരു വിമര്‍ശനം മാത്രമാണ്'- എന്നായിരുന്നു സൈമണ്‍ ഡൗള്‍ പറഞ്ഞത്.