മുംബൈ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി (India vs England). മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് (Shreyas Iyer) പരമ്പരയില്‍ തുടര്‍ന്ന് കളിക്കാനായേക്കില്ലെന്ന് റിപ്പോര്‍ട്ട്. പുറംവേദനയാണ് ശ്രേയസിന് തിരിച്ചടിയായിരിക്കുന്നത്.
വിശാഖട്ടണം ടെസ്റ്റിന് പിന്നാലെ 29-കാരനായ താരം സ്വദേശമായ മുംബൈയിലേക്ക് തിരികെ മടങ്ങിയതായാണ് വിവരം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിക്കാനിറങ്ങിയെങ്കിലും ശ്രേയസിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 35, 13 എന്നിങ്ങനെയായിരുന്നു ശ്രേയസിന് നേടാന്‍ കഴിഞ്ഞത്.
വിശാഖപട്ടണത്തേക്ക് എത്തിയപ്പോള്‍ 27, 29 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സമ്പാദ്യം. 2022 ഡിസംബറിന് ശേഷം ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ ശ്രേയസ് അയ്യര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടവെയാണ് താരത്തെ പരിക്കും പിടികൂടിയിരിക്കുന്നത്.
പുറം വേദനയെത്തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനായ ശ്രേയസിന് കഴിഞ്ഞ വര്‍ഷം ഏറെക്കാലം കളിക്കളത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നിരുന്നു. അതേസമയം മോശം പ്രകടനം നടത്തുന്ന ശ്രേയസ് അയ്യര്‍ക്ക് എതിരെ നേരത്തെ ഇന്ത്യയുടെ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ (Zaheer Khan) നടത്തിയ വിമര്‍ശനം ശ്രദ്ധേയമായിരുന്നു.
സ്‌പിന്നര്‍മാര്‍ക്ക് എതിരെ മികച്ച രീതിയില്‍ കളിക്കാന്‍ ആവുന്ന താരമാണ് ശ്രേയസ്. എന്നാല്‍ അവര്‍ക്കെതിരെ അമിത ആധിപത്യത്തിന് ശ്രമിച്ച് തനിക്ക് ലഭിച്ച അവസരങ്ങള്‍ താരം തുലയ്‌ക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു സഹീര്‍ പറഞ്ഞത്. വിശാഖപട്ടണം ടെസ്റ്റിന് പിന്നാലെയായിരുന്നു 45-കാരനായ സഹീറിന്‍റെ വാക്കുകള്‍.
"സ്‌പിന്നര്‍മാര്‍ക്ക് എതിരെ നന്നായി കളിക്കാനാവുന്ന താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ അവന്‍ വീണ്ടും അവസരം പാഴാക്കുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. സ്‌പിന്‍ ബോളര്‍മാര്‍ക്കെതിരെ അമിത ആധിപത്യം പുലർത്താൻ ശ്രമിക്കുന്നതിനിടയിൽ തന്‍റെ വിക്കറ്റ് നഷ്‌ടപ്പെടുത്തുകയാണ് അവന്‍ ചെയ്യുന്നത്.
എപ്പോഴും കളിക്കേണ്ടത് സാഹചര്യത്തിന് അനുസരിച്ചാണ്. ടീമിനും വ്യക്തിഗതമായും നിര്‍ണായകമായ സമയം ഏതെന്ന് തീര്‍ച്ചയായും അവന്‍ മനസിലാക്കേണ്ടതുണ്ട്. അതിന് അനുസൃതമായി പക്വതയോടെ കളിക്കേണ്ടതുണ്ട്" - സഹീർ ഖാന്‍ വ്യക്തമാക്കി.
അതേസമയം ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദിലെ തോല്‍വിക്ക് ഇന്ത്യ വിശാഖപട്ടണത്ത് മറുപടി നല്‍കിയിരുന്നു. ഇതോടെ പരമ്പരയില്‍ നിലവില്‍ 1-1ന് സമനിലയിലാണ് ഇരു ടീമുകളുമുള്ളത്. ഫെബ്രുവരി 15-ന് രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.
ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവുമെന്നാണ് വിവരം. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നിവരുടെ ഫിറ്റ്‌നസ് റിപ്പോര്‍ട്ടിനായി സെലക്‌ടര്‍മാര്‍ കാത്തിരിക്കുന്നതിനാലാണ് ടീം പ്രഖ്യാപനം വൈകുന്നത്. രാഹുല്‍ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും രവീന്ദ്ര ജഡേജയുടെ കാര്യത്തിലാണ് സംശയമുള്ളത്.
ALSO READ: മുംബൈയെ നയിക്കുക ഹാര്‍ക്കിന് എളുപ്പമാവില്ല ; മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പഠാന്‍
അതേസമയം അടുത്ത രണ്ട് മത്സരങ്ങള്‍ കൂടി കളിക്കാനില്ലെന്ന് വിരാട് കോലി അറിയിച്ചതായാണ് വിവരം. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നും 35-കാരന്‍ വിട്ടുനിന്നിരുന്നു.