കൊല്‍ക്കത്ത: ഐപിഎല്‍ പതിനേഴാം (IPL 2024) പതിപ്പിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) നായകൻ ശ്രേയസ് അയ്യര്‍ (Shreyas Iyer) ഇന്ന് ടീമിനൊപ്പം ചേരും. ഫിറ്റ്‌നസ് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശ്രേയസിന്‍റെ ടീമിലേക്കുള്ള വരവ്. കൊല്‍ക്കത്തയില്‍ ടീം ക്യാമ്പിനൊപ്പം ഇന്ന് ചേരുന്ന താരം പരിശീലനത്തിന് ഇറങ്ങുമെന്നും സൂചനയുണ്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും പുറം വേദനയെ തുടര്‍ന്ന് പിന്മാറിയ താരം ബിസിസിഐ സമ്മര്‍ദത്തെ തുടര്‍ന്ന് അടുത്തിടെ അവസാനിച്ച രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്‌ക്കായി കളിച്ചു. വിദര്‍ഭയ്‌ക്കെതിരായ മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ 95 റണ്‍സ് അടിച്ചെടുത്താണ് താരം പുറത്തായത്. ഈ മത്സരത്തില്‍ പുറം വേദനയ്‌ക്ക് ഒന്നിലേറ തവണ ചികിത്സ തേടിയ ശ്രേയസ് മത്സരത്തിന്‍റെ അഞ്ചാം ദിനത്തില്‍ കളിക്കാൻ ഇറങ്ങിയിരുന്നില്ല.
ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ ആദ്യഘട്ടത്തിലെ ചില മത്സരങ്ങള്‍ ശ്രേയസ് അയ്യര്‍ക്ക് നഷ്‌ടമായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍, ആദ്യ മത്സരം മുതല്‍ തന്നെ ശ്രേയസ് അയ്യറിന് ഐപിഎല്‍ കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കെകെആര്‍ മാനേജ്‌മെന്‍റ്. മാര്‍ച്ച് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ മത്സരം (Kolkata Knight Riders vs SunRisers Hyderabad).
കഴിഞ്ഞ ദിവസമാണ് ഈഡൻ ഗാര്‍ഡൻസില്‍ കെകെആറിന്‍റെ പരിശീലന ക്യാമ്പ് ആരംഭിച്ചത്. റിങ്കു സിങ്, മനീഷ് പാണ്ഡെ എന്നിവര്‍ക്കൊപ്പം ആഭ്യന്തര താരങ്ങളും ടീമിനൊപ്പമുണ്ട്. വരും ദിവസങ്ങളില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Starc) ഉള്‍പ്പടെയുള്ള പ്രധാന താരങ്ങളും ടീമിനൊപ്പം ചേരും.
Also Read : 'ധോണിയെ എനിക്ക് അറിയാം, പുതിയ സീസണില്‍ അദ്ദേഹം അതിന് തയ്യാറാവില്ല' ; അമ്പാട്ടി റായിഡു പറയുന്നു
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്ക്വാഡ് (Kolkata Knight Riders IPL 2024 Squad): ശ്രേയസ് അയ്യര്‍ (ക്യാപ്‌റ്റൻ), റിങ്കു സിങ്, നിതീഷ് റാണ, റഹ്മാനുള്ള ഗുര്‍ബാസ്, ഷെര്‍ഫെയ്‌ൻ റൂതര്‍ഫോര്‍ഡ്, ഫില്‍ സാള്‍ട്ട്, കെഎസ് ഭരത്, മനീഷ് പാണ്ഡെ, അംഗ്‌കൃഷ് രഘുവൻഷി, അനുകുല്‍ റോയ്, രമൺദീപ് സിങ്, ആന്ദ്രേ റസല്‍, വെങ്കടേഷ് അയ്യര്‍, സുയഷ് ശര്‍മ, മിച്ചല്‍ സ്റ്റാര്‍ക്ക്, മുജീബ് ഉര്‍ റഹ്മാൻ, ദുഷ്‌മന്ത ചമീര, സക്കിബ് ഹുസ്സൈൻ, ഹര്‍ഷിത് റാണ, സുനില്‍ നരെയ്‌ൻ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, ചേതൻ സക്കറിയ.