മുംബൈ : ഇഷാൻ കിഷന് (Ishan Kishan) പിന്നാലെ, സീനിയര്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐ (BCCI) നിര്‍ദേശം ലംഘിച്ച് ശ്രേയസ് അയ്യരും (Shreyas Iyer). നടുവേദനയെ തുടര്‍ന്ന് തനിക്ക് രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കളിക്കാന്‍ സാധിക്കില്ലെന്ന് ശ്രേയസ് മുംബൈയെ അറിയിച്ചിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ പുറത്തുവന്ന എന്‍സിഎ (National Cricket Academy) സര്‍ട്ടിഫിക്കറ്റാണ് താരത്തെ വെട്ടിലാക്കിയിരിക്കുന്നത്.
നാളെ (ഫെബ്രുവരി 23) ബറോഡയ്‌ക്കെതിരെയാണ് രഞ്ജി ട്രോഫിയില്‍ മുംബൈയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. നടുവേദന ചൂണ്ടിക്കാട്ടി ഈ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശ്രേയസ് അയ്യര്‍ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്നും താരത്തിന് പുതിയ പരിക്കുകള്‍ ഒന്നുമില്ലെന്നുമാണ് എൻസിഎ സ്പോര്‍ട്‌സ് സയൻസ് ആന്‍ഡ് മെഡിസിൻ മേധാവി നിതിൻ പട്ടേൽ അറിയിച്ചത്. സെലക്‌ടര്‍മാര്‍ക്ക് കൈമാറിയ ഇ-മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിലവില്‍ പുരോഗമിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷമായിരുന്നു ശ്രേയസ് അയ്യരെ ഇന്ത്യൻ സ്ക്വാഡില്‍ നിന്നും ഒഴിവാക്കിയത്. പരിക്കിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്നും മാറ്റിയതെന്നും, മോശം ഫോമിലുള്ള താരത്തെ സെലക്ഷൻ കമ്മിറ്റി പുറത്താക്കിയതാണെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ താരത്തിന്‍റെ ഫിറ്റ്‌നസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
എൻസിഎ മെഡിക്കല്‍ സംഘത്തിന്‍റെ തലവൻ സെലക്ടര്‍മാര്‍ക്ക് അയച്ച ഇ മെയിലില്‍ താരത്തിന് പുതിയ പരിക്കുകള്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്താൻ വിഷമിച്ചതിന് പഴികേട്ട താരം രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നും മനപ്പൂര്‍വം വിട്ടുനില്‍ക്കുകയാണോ എന്ന ചോദ്യവും ആരാധകര്‍ക്കിടയില്‍ ഉയരുന്നുണ്ട്. അടുത്തിടെയായിരുന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ, പരിക്കോ ദേശീയ ഡ്യൂട്ടിയിലോ അല്ലെങ്കില്‍ സീനിയര്‍ ടീമിലെയും എ ടീമിലെയും ഇന്ത്യൻ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന നിര്‍ദേശം നല്‍കിയത്.
Also Read : ഇനിയൊന്നും പറയില്ല, നടപടി മാത്രം; ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത 'വമ്പന്‍'മാര്‍ക്ക് താക്കീതുമായി ബിസിസിഐ
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തൊട്ടുമുന്‍പ് ടീമില്‍ നിന്നും അവധിയെടുത്ത് മടങ്ങിയ ഇഷാൻ കിഷൻ പിന്നീട് ടീമിനൊപ്പം ചേരാത്തതിലും ജാര്‍ഖണ്ഡിനായി രഞ്ജി ട്രോഫിയില്‍ കളിക്കാതിരുന്ന സാഹചര്യത്തിലുമായിരുന്നു ബിസിസിഐ നിലപാട് കടുപ്പിച്ചത്. ആഭ്യന്തര മത്സരങ്ങള്‍ കളിക്കാത്ത താരങ്ങള്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ബിസിസിഐ രേഖാമൂലം തന്നെ അറിയിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് രഞ്ജി ട്രോഫിയില്‍ ഇപ്പോള്‍ ശ്രേയസ് അയ്യരുടെ അഭാവവും ചര്‍ച്ചയാകുന്നത്.