ജലാലാബാദില്‍ നിന്നുള്ള 25-കാരന്‍ അര്‍ജുന്‍ ബബുത ഒളിമ്പിക് മെഡലിന് ഇനിയും കാത്തിരിക്കണം. 10 മീറ്റര്‍ റൈഫിളില്‍ പുരുഷ വിഭാഗം ഫൈനലില്‍ വീറോടെ പൊരുതിയ അര്‍ജുന്‍ ബബുത നേരിയ വ്യത്യാസത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചൈനയുടെ ലിഹാവോ ഷെന്‍ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. വെങ്കലത്തിനടുത്ത് കാലിടറിയ അര്‍ജുന്‍ ഒരു വേള ചൈനീസ് താരത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞവര്‍ഷം കൊറിയയിലെ ചാങ്ങ്വോണില്‍ നടന്ന ഏഷ്യന്‍ ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പിലാണ് അര്‍ജുന്‍ ഒളിമ്പിക് യോഗ്യത നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളി. ഇന്ന് ഒളിമ്പിക് സ്വര്‍ണം നേടിയ അതേ ചൈനക്കാരന്‍ ലിഹാവോ ഷെന്‍ ആയിരുന്നു അവിടെയും സ്വര്‍ണം നേടിയത്.
ഇന്തോ-പാക്ക് അതിര്‍ത്തിയില്‍ നിന്ന് 11 കിലോമീറ്റര്‍ മാത്രം അകലെ പഞ്ചാബിലെ ജലാലാബാദിലാണ് അര്‍ജുന്‍ ബബുതയുടെ ജനനം. അരിമില്ലുകളും കബഡി കോര്‍ട്ടുകളും ഏറെയുള്ള നാട്. ഇന്ത്യന്‍ ക്രിക്കറ്റര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ നാട്. അവിടെ പന്ത്രണ്ടാം വയസ്സില്‍ ഒരു കുട്ടിത്താരം ഷൂട്ടിങ് റേഞ്ചില്‍ ഉദയം കൊണ്ടു. ചണ്ഡീഗഡ് ഡി എവികോളജില്‍ നിന്ന് ആര്‍ട്‌സ് ബിരുദം നേടുമ്പോഴേക്കും അര്‍ജുന്‍ ബബുത ജൂനിയര്‍ഷൂട്ടിങ്ങിലെ അറിയപ്പെടുന്ന താരമായിരുന്നു.
പക്ഷേ അവിടെ നിര്‍ഭാഗ്യം അവനെ കാത്തിരിക്കുകയായിരുന്നു. ആദ്യം അത് പുറം തോളിനേറ്റ പരിക്കായിരുന്നു. പിന്നീട് അത് മസിലുകളെ തളര്‍ത്തുന്ന അസുഖമായി. ലാക്റ്റോസ് ഗ്ലൂട്ടെന്‍ അലര്‍ജി കൂടെ ആയതോടെ അര്‍ജുന്‍റെ ഷൂട്ടിങ് കരിയര്‍ അവസാനിച്ചുവെന്ന് തന്നെ കരുതിയതാണ്. പക്ഷേ കൃത്യമായ ചികില്‍സകളിലൂടെ താരം തിരിച്ചു വന്നു. പക്ഷേ അപ്പോഴേക്കും കൊവിഡായി.
കൊവിഡ് ഭീതിയൊഴിഞ്ഞയുടനെ അര്‍ജുന്‍ ഷൂട്ടിങ് പരിശീലനത്തിനായി ഡല്‍ഹിയിലേക്ക് വണ്ടി കയറി. ഡല്‍ഹിയിലെ ഡോ. കര്‍ണി സിങ് ഷൂട്ടിങ്ങ് റേഞ്ചില്‍ നിരന്തര പരിശീലനം. വിലപ്പെട്ട 3 വര്‍ഷം നഷ്ടപ്പെട്ടെങ്കിലും അതിവേഗം അര്‍ജുന്‍ അതൊക്കെ തിരിച്ചു പിടിച്ചു. 2022 ല്‍ കെയ്റോവില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം.
അതേ വര്‍ഷം കൊറിയയില്‍ നടന്ന ലോക കപ്പിലും സ്വര്‍ണം. കഴിഞ്ഞവര്‍ഷം കൊറിയയിലെ ചാങ്ങ്വോണില്‍ നടന്ന ഏഷ്യന്‍ ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജുന് ഒളിമ്പിക് യോഗ്യത .10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളിയും. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലും അന്ന് സ്വര്‍ണം നേടി. 2024 കെയ്റോ ലോകകപ്പില്‍ മിക്‌സ്‌ഡ് ടീമിനത്തില്‍ വെള്ളിയും അര്‍ജുന്‍ ബബുത നേടി.
പാരിസില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനീസ് താരത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി രണ്ടു സ്റ്റേജ് അവസാനിച്ചപ്പോള്‍ .1 പോയിന്‍റിന്‍റെ മാത്രം വ്യത്യാസത്തിലായിരുന്നു. എലിമിനേഷന്‍ സ്റ്റേജില്‍ ആദ്യ റൗണ്ടിലെ ഷോട്ട് പിഴച്ചു. 9.9 പോയിന്‍റ് മാത്രം. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
വീണ്ടും വീറോടെ പൊരുതി ക്രൊയേഷ്യന്‍ താരത്തിനൊപ്പം ഒപ്പത്തിനൊപ്പം പിടിച്ചു. പക്ഷേ തുടര്‍ന്നുള്ള റൗണ്ടുകളില്‍ നിര്‍ണായക നിമിഷങ്ങളില്‍ അര്‍ജുന് പിഴച്ചു. വെങ്കല പോരാട്ടത്തില്‍ അര്‍ജുന്‍ ബബുതയെ പിന്തള്ളി സ്വീഡന്‍റെ വിക്‌ടര്‍ ലിന്‍ഡ്ഗ്രെന്‍ വിജയിയായി. പിന്നീട് ക്രൊയേഷ്യയുടെ മിരാന്‍ മരിസിക്കെനെയും പിന്തള്ളി സ്വീഡന്‍ താരം വെള്ളിയിലേക്ക് ഉയര്‍ന്നു. സംഗീതം ഇഷ്ടപ്പെടുന്ന ഒളിമ്പിക്‌സില്‍ മെഡല്‍ മാത്രം സ്വപ്‌നം കാണുന്ന ഈ യുവാവിന് അതിലേക്ക് എത്താന്‍ ഇനിയും ദൂരമുണ്ട്.