ലാഹോര്‍: ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി പാകിസ്ഥാനിലേക്കില്ലെന്ന നിലപാട് ബിസിസിഐ തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ താരം ഷാഹിദ് അഫ്രീദി. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയ്‌ക്ക് പാകിസ്ഥാനില്‍ വലിയ ആരാധക പിന്തുണയുണ്ടെന്നും ഇവിടേക്ക് എത്തിയാല്‍ താരം ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന സ്നേഹം തന്നെ മറന്നുപോകുമെന്നും അഫ്രീദി അഭിപ്രായപ്പെട്ടു. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോയേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പാക് മുൻ താരത്തിന്‍റെ പ്രതികരണം.
'ഇന്ത്യൻ ടീമിനെ ഞാൻ പാകിസ്ഥാനിലേക്ക് ക്ഷണിക്കുകയാണ്. മുന്‍പ് ഇന്ത്യയിലേക്ക് വന്ന പാകിസ്ഥാൻ ടീമിനെ ഇന്ത്യ സ്വീകരിച്ചതിന്‍റെ ഓര്‍മകള്‍ എന്‍റെയുള്ളില്‍ ഇപ്പോഴുമുണ്ട്. 2005ല്‍ പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീം എത്തിയത് അവരും മറക്കാൻ വഴിയില്ല.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇരു രാജ്യങ്ങളിലേക്കുമെത്തി ക്രിക്കറ്റ് കളിക്കണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്‌മളമാക്കാൻ സഹായിക്കുന്ന കാര്യമാകും അത്. കായികവുമായി ഒരിക്കലും രാഷ്‌ട്രീയത്തെ ഇടകലര്‍ത്തരുത്.
ഇന്ത്യൻ താരങ്ങള്‍ പാകിസ്ഥാനിലേക്ക് വരണം, അതുപോലെ തിരിച്ചുമുണ്ടാകണം. അങ്ങനെ സംഭവിച്ചാല്‍ പിന്നെ അതിലും മനോഹരമായി മറ്റെന്താണ് ഉള്ളത്.
പാകിസ്ഥാനില്‍ ഏറെ ആരാധകരുള്ള ഒരാളാണ് വിരാട് കോലി. അദ്ദേഹം ഒരിക്കലെങ്കിലും പാകിസ്ഥാനിലേക്ക് വന്നാല്‍ ആരാധകര്‍ കോലിയുടെ ഹൃദയം കവരും. ഒരുപക്ഷെ ഇന്ത്യയില്‍ നിന്നും കിട്ടിയ സ്നേഹമെല്ലാം അതോടെ കോലി മറക്കും. കോലി പാകിസ്ഥാനിലെത്തി കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഞങ്ങളെല്ലാവരും'- അഫ്രീദി പറഞ്ഞു.