ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ നേരിട്ടത് അവരുടെ ഹോം ഗ്രൗണ്ടിലായിരുന്നു. എന്നാല്‍ ഏക്‌നാ സ്റ്റേഡിയം ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലായിരുന്നു. എതിരാളികളുടെ തട്ടകത്തില്‍ പോലും ചെന്നൈക്ക് ഇത്തരത്തിലൊരു പിന്തുണ ലഭിക്കാന്‍ കാരണം എംഎസ് ധോണി എന്ന ഇതിഹാസ താരത്തിന്‍റെ സാന്നിധ്യമാണ്.
ചെന്നൈ ഓരോ തവണ കളത്തിലേക്ക് എത്തുമ്പോഴും ധോണിയുടെ ബാറ്റിങ് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ധോണിയുടെ ബാറ്റിങ് ആഘോഷിക്കുമ്പോള്‍ ചെന്നൈ ടീമിന്‍റെ ജയപരാജയങ്ങള്‍ ആരാധകര്‍ക്കൊരു പ്രശ്‌നമേയല്ല. ഇന്നലെ ലഖ്‌നൗവിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈയെ പതര്‍ച്ചയായിരുന്നു കാത്തിരുന്നത്.
90 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അഞ്ച് വിക്കറ്റുകള്‍ ടീമിന് നഷ്‌ടമായി. ഇതോടെ ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നടത്തി ധോണി ക്രീസിലേക്ക് എത്താനായിരുന്നു ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ ക്രീസില്‍ രവീന്ദ്ര ജഡേജയ്‌ക്ക് ഒപ്പം ചേര്‍ന്നത് മൊയീന്‍ അലിയാണ്. 13-ാം ഓവറില്‍ ഒന്നിച്ച ഇരുവരേയും പിരിക്കാന്‍ 18-ാം ഓവറിലാണ് ലഖ്‌നൗവിന് കഴിഞ്ഞത്. മൊയീന്‍ അലിയെ രവി ബിഷ്‌ണോയ് മടക്കുകയായിരുന്നു.
പിന്നാലെ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനായി ധോണി ഡ്രസ്സിംഗ് റൂമില്‍ നിന്നുള്ള പടിക്കെട്ടിറങ്ങി വരുമ്പോള്‍ പതിവുപോലെ തന്നെ ഗ്യാലറി ആര്‍ത്തലച്ചു. ഇതു തന്നെ അതിശയിപ്പിച്ചെന്ന് പ്രതികരിച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്‍റണ്‍ ഡി കോക്കിന്‍റെ ഭാര്യ സാഷ ഡി കോക്ക്. ധോണി ബാറ്റ് ചെയ്യാനെത്തുമ്പോള്‍ സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ശബ്‌ദതീവ്രത സംബന്ധിച്ച് സ്‌മാര്‍ട്ട് വാച്ചില്‍ ലഭിച്ച മുന്നറിയിപ്പ് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സാറ പങ്കിടുകയും ചെയ്‌തിട്ടുണ്ട്.
"ഏറെ ശബ്‌ദമുഖരിതമായ അന്തരീക്ഷം. നിലവിലെ ശബ്‌ദ തീവ്രത 95 ഡെസിബല്‍ വരെ എത്തി. 10 മിനിട്ട് നേരം ഇതേ അളവിലുള്ള ശബ്‌ദമുണ്ടായാല്‍ താല്‍ക്കാലികമായി കേള്‍വി ശക്തി വരെ നഷ്‌ടമായേക്കാം" എന്നാണ് സാഷ ഡി കോക്കിന് സ്‌മാര്‍ട്ട് വാച്ചില്‍ ലഭിച്ച മുന്നറിയിപ്പ്. അതേസമയം ക്രീസിലെത്തിയ ധോണി ഒമ്പത് പന്തുകളില്‍ പുറത്താവാതെ 28 റണ്‍സടിച്ച് ആരാധകരുടെ പ്രതീക്ഷകാത്തെങ്കിലും മത്സരം ചെന്നൈ കൈവിട്ടു.
നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സായിരുന്നു ചെന്നൈ നേടിയത്. മറുപടിക്ക് ഇറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് 19 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 180 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്.